അമിത വിനോദസഞ്ചാരം നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം : എഡിപിഡി

അമിത വിനോദസഞ്ചാരം നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഡിപിഡി–ദി ഗ്രീൻ പാർട്ടി ആവശ്യപ്പെട്ടു. നിയന്ത്രണമില്ലാത്ത വിനോദസഞ്ചാര വളർച്ച ഇനിയും താങ്ങാൻ രാജ്യത്തിന് കഴിയില്ലെന്നും കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുൻപ് നടപടിയുണ്ടാകണമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
വിനോദസഞ്ചാരികളുടെ അമിത വർധന അടിസ്ഥാന സൗകര്യങ്ങൾ, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള പ്രാദേശിക സേവനങ്ങൾ, നിർമാണ മേഖല എന്നിവയിൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നതായി എഡിപിഡി ചെയർപേഴ്സൺ സാന്ദ്ര ഗൗച്ചി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഓരോ വർഷവും സ്ഥിതി കൂടുതൽ വഷളാകുകയാണ്. വിനോദസഞ്ചാരം അമിത വേഗത്തിൽ വളരാൻ അനുവദിച്ചതോടെ അതിന്റെ നേട്ടങ്ങൾ കുറയുകയും പ്രതികൂല ഫലങ്ങൾ രൂക്ഷമാകുകയും ചെയ്തതായി ഗൗച്ചി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനസംഖ്യ തുടർച്ചയായി വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ അതിനനുസരിച്ച് വികസിക്കാത്തത് മാൾട്ടയിലെ ബീച്ചുകളെയും ബാധിക്കുന്നതായി പാർട്ടി പറഞ്ഞു. പല അവസരങ്ങളിലും മലിനജലം കടലിലേക്ക് ഒഴുകിയതായും എഡിപിഡി ആരോപിച്ചു.
ബിർസെബ്ബുഗ, സ്ലീമയിലെ ക്വി-സി-സാന, സെന്റ് പോൾസ് ബേയിലെ ഇൽ-ബജ്ജ തൽ-ഗസെലിൻ എന്നിവിടങ്ങളിലെ ബീച്ചുകൾ അടുത്തിടെ അടച്ചിട്ട സംഭവങ്ങളും പാർട്ടി ചൂണ്ടിക്കാട്ടി.
“ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങളാണ് ഇപ്പോൾ നാം കാണുന്നത്. ചുറ്റുമൊന്ന് ശ്രദ്ധിച്ചാൽ തന്നെ സ്ഥിതി വ്യക്തമാകും,” ഗൗച്ചി പറഞ്ഞു.
കൂടുതൽ ഹോട്ടലുകളുടെ നിർമാണവും താമസ കെട്ടിടങ്ങൾ ഹ്രസ്വകാല വാടക കേന്ദ്രങ്ങളാക്കി മാറ്റുന്നതും അമിത വിനോദസഞ്ചാരത്തിന്റെ പ്രത്യാഘാതങ്ങൾ നിർമാണ മേഖലയിലും പ്രകടമാക്കുന്നതായി എഡിപിഡി വ്യക്തമാക്കി.
ചില പ്രദേശങ്ങളിൽ ഇതിന്റെ ആഘാതം കൂടുതൽ രൂക്ഷമാണ്. താമസക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന തരത്തിൽ ബന്ധപ്പെട്ട അധികൃതർ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഗൗച്ചി ആവശ്യപ്പെട്ടു.
മാൾട്ടയെ “തിരക്കിൽ വീർപ്പുമുട്ടുന്ന വിനോദസഞ്ചാര കേന്ദ്രം” എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടും പാർട്ടി പരാമർശിച്ചു. മാൾട്ട അന്താരാഷ്ട്ര വിമാനത്താവളം ന്യൂയോർക്കിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു റിപ്പോർട്ട്.
ബുക്ക് റിട്രീറ്റ്സ് പുറത്തിറക്കിയ മറ്റൊരു റിപ്പോർട്ടിൽ യൂറോപ്പിൽ വിനോദസഞ്ചാരികളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള രാജ്യമായി മാൾട്ടയെ വിലയിരുത്തിയതായും എഡിപിഡി ചൂണ്ടിക്കാട്ടി.
പുതിയ യൂറോപ്യൻ യൂണിയൻ സുരക്ഷാ നടപടികൾ നടപ്പാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിലെ യാത്രക്കാരുടെ നീണ്ട നിരകൾ സംബന്ധിച്ച് മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഇഒ ഇതിനകം അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പാർട്ടി പറഞ്ഞു.
ടൂറിസ്റ്റുകളുടെ എണ്ണം കുറയ്ക്കാനും പകരം ഉയർന്ന നിലവാരമുള്ള ടൂറിസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും മാൾട്ട തയ്യാറാകണം. ഒപ്പം നാട്ടുകാരുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും പൂർണ്ണമായി മാനിച്ചുകൊണ്ടുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും എഡിപിഡി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.


