മാൾട്ടയുടെ ജനസംഖ്യയിൽ 2.4 ശതമാനം വർധനയെന്ന് എൻഎസ്ഒ റിപ്പോർട്ട്

2025 അവസാനത്തോടെ മാൾട്ടയിലെ ജനസംഖ്യ 588,254 ആയി വർദ്ധിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (NSO) ഏറ്റവും പുതിയ റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. ജനസംഖ്യാ വർദ്ധനവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് രാജ്യത്തേക്കുള്ള കുടിയേറ്റമാണ്. 2025-ൽ കുടിയേറ്റത്തിലെ അറ്റവളർച്ച (നാട്ടിലേക്ക് വന്നവരും പുറത്തേക്ക് പോയവരും തമ്മിലുള്ള വ്യത്യാസം) 13,906 ആയി രേഖപ്പെടുത്തി.
കുടിയേറ്റക്കാരിൽ 78.1 ശതമാനവും യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ 62.5 ശതമാനം പുരുഷന്മാരുമാണ്. 2024നെ അപേക്ഷിച്ച് കുടിയേറ്റം 31 ശതമാനം വർധിച്ചെങ്കിലും, രാജ്യത്തേക്കുള്ള കുടിയേറ്റവും രാജ്യത്തുനിന്നുള്ള മൈഗ്രേഷനിൽ (Immigration, Emigration) ഒരുപോലെ കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025 അവസാനത്തോടെ മാൾട്ടയിലെ ആകെ ജനസംഖ്യയിൽ 53.3 ശതമാനം പുരുഷന്മാരാണ്. 69 വയസ്സ് വരെ എല്ലാ പ്രായവിഭാഗങ്ങളിലും പുരുഷന്മാർക്കാണ് ഭൂരിപക്ഷം. എന്നാൽ 70 വയസിന് മുകളിലുള്ളവരിൽ സ്ത്രീകളാണ് കൂടുതലുള്ളത്. പ്രത്യേകിച്ച് 85 വയസിന് മുകളിലുള്ളവരിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തിന്റെ ഏകദേശം ഇരട്ടിയാണ്.
മാൾട്ടയിലെ ജനസംഖ്യയുടെ വാർധക്യവും തുടരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 65 വയസും അതിൽ കൂടുതലുമുള്ളവർ ആകെ ജനസംഖ്യയുടെ 18.4 ശതമാനമാണ്, അതേസമയം 18 വയസ്സിൽ താഴെയുള്ളവർ 14.3 ശതമാനമാണ്. രാജ്യത്ത് 90 വയസോ അതിൽ കൂടുതലോ പ്രായമുള്ള 4,005 പേരുണ്ട്. ഇതിൽ 2,758 സ്ത്രീകളും 1,247 പുരുഷന്മാരുമാണ്.
അതേസമയം, സ്വാഭാവിക ജനസംഖ്യാ വർധന (ജനനനിരക്കും മരണനിരക്കും തമ്മിലുള്ള വ്യത്യാസം) ഗണ്യമായി കുറഞ്ഞു. 2025-ൽ ജനനനിരക്ക് 0.8 ശതമാനം കുറഞ്ഞപ്പോൾ, മരണനിരക്ക് 1.4 ശതമാനം വർധിച്ചു.
ഇതോടെ 2024-ൽ 193 ആയിരുന്ന സ്വാഭാവിക ജനസംഖ്യാ വർധന 2025-ൽ വെറും 98 ആയി, അഥവാ 49.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
2025-ൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കളിൽ 30 മുതൽ 34 വയസ്സ് വരെയുള്ളവരാണ് ഏറ്റവും കൂടുതൽ (38.2 ശതമാനം). അതേസമയം, 2025-ൽ രേഖപ്പെടുത്തിയ 4,240 മരണങ്ങളിൽ 71.5 ശതമാനവും 75 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടേതാണ്.
മാൾട്ടയിലെ ആകെ ജനസംഖ്യയിൽ 68.9 ശതമാനം പേർ മാൾട്ടീസ് പൗരന്മാരാണ്, 31.1 ശതമാനം വിദേശ പൗരന്മാരുമാണ്. വിദേശ പൗരന്മാരിൽ ഭൂരിഭാഗവും തൊഴിൽപ്രായക്കാരാണ്. 34.8 ശതമാനം പേർ 30 മുതൽ 39 വയസ്സ് വരെയുള്ളവരും, 22.1 ശതമാനം പേർ 20 മുതൽ 29 വയസ്സ് വരെയും, 18.7 ശതമാനം പേർ 40 മുതൽ 49 വയസ്സ് വരെയും പ്രായമുള്ളവരാണ്.
പ്രാദേശിക കണക്കുകൾ പ്രകാരം, വെസ്റ്റേൺ ജില്ലയിൽ മാൾട്ടീസ് പൗരന്മാരുടെ വിഹിതം ഏറ്റവും കൂടുതലായി 85.4 ശതമാനമാണ്. തുടർന്ന് സതേൺ ഹാർബർ (79.3%), സൗത്ത് ഈസ്റ്റേൺ ജില്ല (79.2%) എന്നിവയാണ്. അതേസമയം, നോർത്തേൺ ഹാർബർ ജില്ലയിൽ വിദേശ പൗരന്മാരുടെ വിഹിതം ഏറ്റവും കൂടുതലായി 43.9 ശതമാനവും, നോർത്തേൺ ജില്ലയിൽ 38.8 ശതമാനവുമാണ്.
ജനസാന്ദ്രതയുടെ കാര്യത്തിൽ താസ്-സ്ലീമ (Tas-Sliema) ആണ് ഒന്നാം സ്ഥാനത്ത്. ഇവിടെ ഒരു ചതുരശ്ര കിലോമീറ്ററിൽ 18,186 പേരാണ് താമസിക്കുന്നത്. തുടർന്ന് താൽ-പിയേറ്റ (16,346), എൽ-ഇസ്ല (15,060) എന്നിവയാണ്. ഇൽ-ഗ്സിറ, ഇൽ-ഫ്ഗുറ, ഇൽ-ഹംറൂൺ എന്നിവയും ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്.
മറുവശത്ത്, എൽ-ഗാസ്രി (L-Għasri) ആണ് ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശം. ഇവിടെ ഒരു ചതുരശ്ര കിലോമീറ്ററിൽ 104 പേർ മാത്രമാണ് താമസിക്കുന്നത്. തുടർന്ന് സാൻ ലാവ്രൻസ് (226), എൽ-ഇംദിന (227) എന്നിവയാണ് ഏറ്റവും കുറഞ്ഞ ജനസാന്ദ്രത രേഖപ്പെടുത്തിയ പ്രദേശങ്ങൾ.



