അന്തർദേശീയം

യുഎസ് സമ്മർദം മറികടന്ന് കാനഡ; ഗോർഡി ഹോവ് ഇന്റർനാഷണൽ ബ്രിഡ്ജ് ഉദ്ഘാടനം ജൂലൈ 27ന്

ഒട്ടാവ : വടക്കേ അമേരിക്കയിലെ ഏറ്റവും തന്ത്രപ്രധാനമായ പുതിയ അന്താരാഷ്ട്ര പാലം ഈ മാസം അവസാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനൊരുങ്ങി കാനഡ. കാനഡയും അമേരിക്കയും തമ്മിൽ ബന്ധിപ്പിക്കുന്ന ‘ഗോർഡി ഹോവ് ഇന്റർനാഷണൽ ബ്രിഡ്ജ്’ജൂലൈ 27ന് ഉദ്ഘാടനം ചെയ്യുമെന്ന് വെള്ളിയാഴ്ച കാനഡയുടെ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരും ദശകങ്ങളിൽ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ഇടപാടുകൾക്ക് വഴിയൊരുക്കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ ഈ പാലം പ്രധാന പങ്കാളിയായി മാറുമെന്നും കാനഡ വ്യക്തമാക്കി.

അമേരിക്കയിലെ ഡെട്രോയിറ്റിനെയും കാനഡയിലെ ഒന്റാറിയോയിലുള്ള വിൻഡ്സറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഭീമാകാരമായ പാലത്തിന്റെ നിർമാണം 2018 മുതലാണ് ആരംഭിച്ചത്. ഏകദേശം 4.7 ബില്യൺ യുഎസ് ഡോളർ ചെലവഴിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കാനഡയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി കാനഡയിൽ ജനിച്ച് അമേരിക്കയിലെ പ്രശസ്ത നാഷണൽ ഹോക്കി ലീഗ് താരമായി മാറിയ ഗോർഡി ഹോവിന്റെ സ്മരണയിലാണ് പാലത്തിന് പേര് നൽകിയിരിക്കുന്നത്.

ചില ‘സാങ്കേതിക കാരണങ്ങളാൽ’ യുഎസിന്റെ സമ്മർദ്ദത്തിന് വഴങ്ങി പാലത്തിന്റെ ഉദ്ഘാടനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ട്രംപ് ഭരണകൂടത്തിന്റെ കടുംപിടുത്തങ്ങളെ മറികടന്ന് ഉദ്ഘാടന തീയതി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ പാലം പൂർണമായി തടയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അമേരിക്കയോട് അനീതിയാണ് കാണിച്ചതെന്നും പണം മുടക്കാതെ തന്നെ പാലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പകുതിയെങ്കിലും അമേരിക്കയ്ക്ക് വേണമെന്നുമായിരുന്നു ട്രംപിന്റെ വാദം.

വിൻഡ്സർ-ഡെട്രോയിറ്റ് ബ്രിഡ്ജ് അതോറിറ്റി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഈ പാലത്തിന്റെ നിർമാണത്തിനുള്ള മുഴുവൻ തുകയും കാനഡയാണ് മുടക്കിയിട്ടുള്ളത്. ഈ വസ്തുത നിലനിൽക്കെയാണ് അമേരിക്കൻ ഭരണകൂടം ഭീഷണിയുമായി രംഗത്തെത്തിയത്. ഒടുവിൽ കാനഡയുടെ ശക്തമായ നിലപാടുകൾക്ക് മുന്നിൽ ട്രംപിന് വഴങ്ങേണ്ടി വരികയും പാലത്തിന്റെ ഉടമസ്ഥാവകാശം കാനഡയും യുഎസ് സംസ്ഥാനമായ മിഷിഗണും സംയുക്തമായി പങ്കിടാൻ ധാരണയാവുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button