അന്തർദേശീയം

മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ വത്തിക്കാന്‍ പുറത്താക്കി

റോം : മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കി. വത്തിക്കാന്റെ അനുമതിയില്ലാതെ നാല് പുതിയ ബിഷപ്പുമാരെ വാഴിച്ച ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്’ എന്ന വിമത വിഭാഗം കത്തോലിക്കാ സഭയില്‍ വലിയ ഭിന്നത ഉണ്ടാക്കിയതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു.

തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് അവഗണിക്കുകയായിരുന്നു ഈ സഭ. തുടര്‍ന്ന്, കഴിഞ്ഞ ബുധനാഴ്ചയാണ് ഈ യാഥാസ്ഥിതിക കൂട്ടായ്മ ബിഷപ്പ് വാഴിക്കല്‍ ചടങ്ങ് നടത്തിയത്. ഇതിന് മറുപടിയായി, വത്തിക്കാന്‍ വ്യാഴാഴ്ച പ്രത്യേക പുറത്താക്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

പുതിയതായി ചുമതലയേറ്റ നാല് ബിഷപ്പുമാരെയും, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ മറ്റ് രണ്ട് ബിഷപ്പുമാരെയും സഭയിലെ എല്ലാത്തരം വിശുദ്ധ കര്‍മ്മങ്ങളില്‍ നിന്നും കൂദാശകളില്‍ നിന്നും പൂര്‍ണ്ണമായി വിലക്കിയതായി ഉത്തരവില്‍ പറയുന്നു.

‘ഈ സൊസൈറ്റിയില്‍ ഉള്‍പ്പെട്ട മറ്റ് വൈദികരും, ഇവരുടെ ആശയങ്ങളെ ഔദ്യോഗികമായി പിന്തുണയ്ക്കുന്ന അല്‍മായരും സഭയില്‍ നിന്ന് പുറത്തായവരായി കണക്കാക്കപ്പെടും. കത്തോലിക്കാ സഭയിലെ പുരോഹിതരും വിശ്വാസികളും യാതൊരു കാരണവശാലും ഈ വിഭാഗവുമായി ഔദ്യോഗിക ബന്ധം പുലര്‍ത്തരുത്’ ഉത്തരവ് വ്യക്തമാക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നവീകരണ ശ്രമങ്ങളെയും പ്രാദേശിക ഭാഷകളില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനെയും പൂര്‍ണ്ണമായി തള്ളിക്കളയുന്ന വിഭാഗമാണ് ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്’. ലിയോ പതിനാലാമന്‍ മാര്‍പാപ്പ അധികാരമേറ്റ ശേഷമുള്ള വത്തിക്കാന്റെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധികളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. സഭയുടെ ഐക്യത്തെ തകര്‍ക്കുന്ന ഇത്തരം വിമത നീക്കങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് വത്തിക്കാന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button