വടക്കന്‍ നൈജറിലെ സഹാറ മരുഭൂമിയില്‍ 50 പേര് കുടിവെള്ളം കിട്ടാതെ മരിച്ചു

അഗഡെസ് : വടക്കന്‍ നൈജറിലെ സഹാറ മരുഭൂമിയുടെ ഉള്‍ഭാഗത്ത് വാഹനം തകരാറിലായതിനെ തുടര്‍ന്ന് കുടുങ്ങിയവരില്‍ 50 പേര് കടുത്ത ദാഹം മൂലം മരിച്ചതായി അധികൃതര്‍ അറിയിച്ചു. മുസ്ലീം മതവിഭാഗക്കാരുടെ ഈദ്-അല്‍-അദ എന്ന ആഘോഷത്തില്‍ പങ്കെടുത്ത് മാലിയില്‍ നിന്ന് മടങ്ങുകയായിരുന്നു സംഘമാണ് മരുഭൂമിയുടെ ഉള്‍പ്രദേശത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് കുടിവെള്ളം കിട്ടാതെ മരിച്ചത്. ഗ്രാമീണര്‍ അടക്കം സഞ്ചരിച്ച ലോറി നൈജറിനും അള്‍ജീരിയക്കും ഇടയിലുള്ള പ്രധാന അതിര്‍ത്തി ക്രോസിംഗ് പോയിന്റ് വഴി യാത്ര ചെയ്യവെ തകരാറിലാവുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ പതിവായി സഞ്ചരിക്കുന്ന വഴിയില്‍ നിന്ന് വാഹനം വഴിമാറി പോയിരുന്നതായും വിവരമുണ്ട്. വെള്ളം തീര്‍ന്നപ്പോള്‍ അസമാക്കക്ക് 80 കിലോമീറ്ററിലധികം (50 മൈല്‍) ദൂരത്തില്‍ സഹാറ മരുഭൂമിയുടെ പടിഞ്ഞാറ് കുടുങ്ങി പോകുകയായിരുന്നു.
അസഹ്യമായ താപനിലയും ജലവിതരണ പോയിന്റുകള്‍ ഇല്ലാത്തതും യാത്രക്കാരുടെ അതിജീവനം അസാധ്യമാക്കുകയായിരുന്നുവെന്ന് നൈജര്‍ നഗരമായ അഗഡെസിലെ ഗവര്‍ണര്‍ പറഞ്ഞു. മരുഭൂമിയിലൂടെ സഞ്ചരിച്ച് പുറത്തെത്തിയത് രണ്ട് പേര് മാത്രമാണെന്നും ഇവര്‍ അസമക്കയിലേക്ക് എത്തിയാണ് അധികൃതരെ വിവരം അറിയിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ ഇവിടെ പതിവാണെന്ന് ഒരു പ്രാദേശിക എന്‍ജിഒ മേധാവി ചെഹുവോ അസീസോ ബിബിസിയോട് വ്യക്തമാക്കിയിട്ടുണ്ട്. മരുഭൂമി കടക്കാനുള്ള ‘ഇമിഗ്രേഷന്‍’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഡ്രൈവര്‍മാരും ചില യാത്രക്കാരും വരെയുണ്ട്. അതിനാല്‍ തന്നെ ലിബിയയിലേക്കോ അള്‍ജീരിയയിലേക്കോ പോകുന്ന വഴിയില്‍ ഇത്തരം കേസുകള്‍ സാധാരണയായി സംഭവിക്കാറുള്ളതായി ചെഹുവോ അസീസോ പറയുന്നു. 49 പേര് മരിക്കാനിടയായ സംഭവത്തില്‍ മരുഭൂമിയില്‍ കുടുങ്ങിയ ലോറി മാലിയന്‍ പട്ടണമായ ടെല്ഹാന്ഡെക്കില് നിന്ന് പുറപ്പെട്ടെങ്കിലും ഉദ്ദേശിച്ച വഴിയില്‍ നിന്ന് അകന്നുപോയതായി അഗഡെസ് ഗവര്‍ണറുടെ പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല വാഹനം തകരാറിലായതോടെ പ്രതിസന്ധി രൂക്ഷമായി. ഡ്രൈവറും യാത്രക്കാരും ദിവസങ്ങളോളം വാഹനം നന്നാക്കാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ടതും വാഹനം നന്നാക്കാന്‍ കഴിയാത്തതും മിക്കവര്‍ക്കും ജീവന് നഷ്ടപ്പെടാന്‍ കാരണമായതായി അഗഡെസ് ഗവര്‍ണറുടെ പ്രസ്തവനയില്‍ പറയുന്നു.
തകരാറിലായ ട്രക്കിലും സമീപത്തും വാഹനത്തിന് അടിയിലുമായി ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഇവയെല്ലാം നൈജറില്‍ നിന്നെത്തിയ നാട്ടുകാരടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്തതായും അധികാരികള്‍ അറിയിച്ചു. ബാറ്ററി തകരാറിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തോളം വഴിയില്‍ കുടുങ്ങിപ്പോയ മറ്റൊരു ലോറിയും കണ്ടെത്താന്‍ കഴിഞ്ഞതായി രക്ഷാസംഘം അറിയിച്ചു. ഈ വാഹനത്തില്‍ 60 ലധികം പേരുണ്ടായിരുന്നു. നൈജര്‍ അതിര്‍ത്തിയില്‍ നിന്ന് 300കിലോമീറ്ററിലധികം അകലെയുള്ള മാലിയന്‍ പട്ടണമായ ഹറൂബയില് നിന്നാണ് ഈ ലോറി പുറപ്പെട്ടതെന്ന് ഗവര്‍ണര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉടന്‍ തന്നെ നൈജീരിയന്‍ സൈനികര്‍ ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകര്‍ എത്തി യാത്രക്കാര്‍ക്ക് വെള്ളം വിതരണം ചെയ്യുകയും വാഹനം നന്നാക്കാന്‍ സഹായിക്കുകയും ചെയ്തു. അതേ സമയം പടിഞ്ഞാറന്‍ ആഫ്രിക്കയിലുടനീളമുള്ള കുടിയേറ്റക്കാര്‍ യൂറോപ്പിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഒരു പ്രധാന ട്രാന്‍സിറ്റ് ഇടനാഴിയായി നൈജര്‍ മരുഭൂമി മാറിയിരിക്കുകയാണ്. ഇക്കാരണം കൊണ്ട് തന്നെ ഇത്തരം അപകടങ്ങള്‍ മേഖലയില്‍ പതിവാകുകയാണ്.



