ലെബനാൻ ആക്രണം; നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇസ്രയേല്‍ ലെബനാനെ ആക്രമിച്ചതില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘നീ ജയിലില്‍ ആകേണ്ടവനായിരുന്നു, എല്ലാവരും നിന്നെ വെറുക്കുന്നു’-ട്രംപും നെതന്യാഹുവും തമ്മില്‍ രൂക്ഷമായ ഫോണ്‍ സംഭാഷണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ലെബനാനില്‍ ഇസ്രയേല്‍ തുടരുന്ന സൈനിക ആക്രമണങ്ങളെ ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ നടപടികളില്‍ ട്രംപ് കടുത്ത നിരാശ പ്രകടിപ്പിച്ചതായും തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അസാധാരണമാംവിധം കടുത്ത ഭാഷയിലായിരുന്നു ട്രംപ് നെതന്യാഹുവിനെ ശാസിച്ചതെന്നും സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ രീതിയെ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
‘നിനക്ക് ഭ്രാന്താണ്. ഞാന്‍ ഇല്ലായിരുന്നെങ്കില്‍ നീ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടവനായിരുന്നു. ഞാന്‍ നിന്റെ ജീവന് രക്ഷിക്കുകയാണ്. ഇപ്പോള്‍ എല്ലാവരും നിന്നെ വെറുക്കുന്നു. ഇത് കാരണം എല്ലാവരും ഇസ്രയേലിനെയും വെറുക്കുകയാണ്,’- ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ട്രംപ് കടുത്ത ദേഷ്യത്തിലായിരുന്നുവെന്നും ഒരു ഘട്ടത്തില്‍ നെതന്യാഹുവിനോട് ‘നീ എന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത്?’ എന്ന് ഉച്ചത്തില്‍ ചോദിച്ചതായും ബന്ധപ്പെട്ട വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നെതന്യാഹു നന്ദികേട് കാണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തിയതായി ഒരു യുഎസ് ഉദ്യോഗസ്ഥന് പറഞ്ഞു. നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനില്‍പ്പ് യുഎസിന്റെ പിന്തുണയോടെയാണെന്നും ട്രംപ് വാദിച്ചു. ബെയ്റൂട്ടിനെ ആക്രമിക്കുമെന്ന ഇസ്രയേലിന്റെ തുടര്‍ച്ചയായ ഭീഷണികള്‍ ആഗോളതലത്തില്‍ രാജ്യത്തെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.



