യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്യൻ സഖ്യകക്ഷികൾക്കുള്ള സൈനിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി യുഎസ്

വാഷിങ്ടൺ ഡിസി : അടിയന്തര ഘട്ടത്തിൽ യൂറോപ്യൻ സഖ്യകക്ഷികൾക്ക് നൽകിവരുന്ന യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സൈനിക സഹായങ്ങൾ ഗണ്യമായി വെട്ടിക്കുറയ്ക്കാൻ അമേരിക്ക ഒരുങ്ങുന്നതായി ജർമൻ വാർത്താ മാധ്യമമായ സ്പീഗലിന്റെ റിപ്പോർട്ട്. ഇതോടെ നാറ്റോ സഖ്യത്തിലെ രാജ്യങ്ങൾക്കിടയിൽ അഭൂതപൂർവമായ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പൂർണമായി പിന്മാറിയേക്കുമെന്ന ആശങ്കയും ചില യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്.

യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം സൈന്യത്തിനായി ആവശ്യത്തിന് പണം ചെലവഴിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജർമനിയിൽ നിന്ന് പതിനായിരക്കണക്കിന് യുഎസ് സൈനികരെ പിൻവലിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണ നൽകാത്തതിനെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. നാറ്റോയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ചും അദ്ദേഹം ഒരുഘട്ടത്തിൽ പറയുകയുണ്ടായി.

കഴിഞ്ഞ ആഴ്ച അവസാനം നാറ്റോ ആസ്ഥാനത്ത് നടന്ന യോഗത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതിനിധി മറ്റ് അംഗരാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരെ പുതിയ പദ്ധതിയെ കുറിച്ച് ധരിപ്പിച്ചു. റോയിട്ടേഴ്സ് വാർത്താ ഏജൻസിയും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്‌. ‌

സ്ട്രാറ്റജിക് ബോംബറുകൾ: മുൻപ് നൽകിയിരുന്ന തന്ത്രപ്രധാന ബോംബർ വിമാനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കും

യുദ്ധവിമാനങ്ങൾ: യുഎസ് യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവുണ്ടാകും

നാവികസേന: നാറ്റോയ്ക്കായി വിട്ടുനൽകുന്ന ഡിസ്ട്രോയർ കപ്പലുകളുടെ എണ്ണം യുഎസ് നാവികസേന കുറയ്ക്കും.              സബ്‌മറൈനുകൾ ഇനി മുതൽ നാറ്റോയ്ക്ക് നൽകില്ല

ഡ്രോണുകൾ: നിരീക്ഷണ ഡ്രോണുകൾ യൂറോപ്യൻ രാജ്യങ്ങൾ സ്വന്തമായി കണ്ടെത്തേണ്ടി വരും. ആയുധങ്ങൾ            ഘടിപ്പിച്ച ഡ്രോണുകളുടെ വിതരണവും യുഎസ് വൻതോതിൽ വെട്ടിക്കുറയ്ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button