അമ്മയും മകനും മേയര്‍മാര്‍; ബ്രിട്ടനിലെ ഇന്ത്യന്‍ വിജയഗാഥ

ലണ്ടന്‍ : യുകെയില്‍ ഒരേസമയം മേയര്‍മാരായി ഇന്ത്യന്‍ വംശജരായ അമ്മയും മകനും. ഹരിയാനയിലെ റോഹ്തക്കില്‍നിന്നു 2013-ല്‍ ബ്രിട്ടനിലേക്ക് കുടിയേറിയവരാണിവര്‍. 23 വയസ്സുള്ള തുഷാര്‍ കുമാര്‍ എല്‍സ്ട്രീ ആന്‍ഡ് ബോറെഹാംവുഡ് ടൗണ്‍ കൗണ്‍സിലിന്റെ മേയറായി ചുമതലയേറ്റതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ മേയര്‍ എന്ന ചരിത്രപരമായ നേട്ടവും സ്വന്തമാക്കി. തൊട്ടടുത്ത ആഴ്ച, ഹെര്‍ട്‌സ്മിയര്‍ ബറോ കൗണ്‍സിലിന്റെ പ്രഥമ ഇന്ത്യന്‍ വംശജയായ മേയറായാണ് തുഷാറിന്റെ മാതാവ് പര്‍വീണ്‍ റാണി തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടുപേരും ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 2023-ലാണ്. മേയറാകുന്നതിന് മുമ്പ് പര്‍വീണ്‍ റാണി ഹെര്‍ട്ട്സ്മിയറിലെ ഡെപ്യൂട്ടി മേയറായും കാബിനറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലണ്ടനിലെ കിങ്സ് കോളജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടിയ തുഷാര്‍ 20-ാം വയസ്സിലാണ് ആദ്യമായി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
2023-ല്‍ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായി കൗണ്‍സിലില്‍ ചേര്‍ന്ന അദ്ദേഹം നേരത്തെ ഡെപ്യൂട്ടി മേയറായിരുന്നു. ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് തുഷാറും അമ്മയും സൗജന്യമായി ഹിന്ദി പഠിപ്പിച്ചു കൊടുക്കാറുണ്ട്. ‘ഹിന്ദി ശിക്ഷാ പരിഷത്ത്’ എന്ന സംഘടനയുമായും തുഷാറിന് ബന്ധമുണ്ട്.
ഹരിയാനയിലെ സോനിപതിലെ ഖാര്‍ഖോദയിലുള്ള റോഹ്ന ഗ്രാമത്തിലാണ് ഇവരുടെ തറവാട്. 2013-ല്‍ യുകെയിലേക്ക് മാറുന്നതിന് മുമ്പ് ഇവര്‍ ദീര്‍ഘകാലം റോഹ്തക്കിലാണ് താമസിച്ചിരുന്നത്. തുഷാറിന് 10 വയസുള്ളപ്പോള്‍, 2013-ല്‍ ഭാര്യയോടും രണ്ട് മക്കളോടും ഒപ്പമാണ് പിതാവ് സുനില്‍ ദഹിയ യുകെയിലേക്ക് എത്തിയത്. മെയ് 13-ന് തുഷാര്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതായും മെയ് 20-ന് പര്‍വീണ്‍ മേയറായതായും തുഷാറിന്റെ പിതാവ് സുനില്‍ ദഹിയ പറഞ്ഞു.



