അന്തർദേശീയം

പാകിസ്താനിൽ സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ട് ബിഎൽഎ ആക്രമണം; 24 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ് : തെക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ ക്വറ്റയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം.

പാക് സൈനികരും കുടുംബവും സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. ക്വറ്റയിലെ ചമൻ ഫട്ടാക്കിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് പാകിസ്താൻ ചാനലായ എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തെ തുടർന്ന് റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തമുണ്ടായതോടെ നാട്ടുകാരും അത്യാഹിത വിഭാഗവും ഫയർഫോഴ്‌സും എത്തിയാണ് തീയണച്ചത്. സംഘർഷാവസ്ഥ നിലനിൽക്കുന്ന ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ.

സ്‌ഫോടനത്തിൽ പരിസരപ്രദേശങ്ങളിൽ വൻ നാശനഷ്ടമുണ്ടായതായും സമീപത്തെ കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ തകർന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ ലൈനിന് സമീപം നിർത്തിയിട്ടിരുന്ന നിരവധി  വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ ജാഫർ എക്‌സ്പ്രസിന്റെ ഒരു ബോഗിക്ക് തീപിടിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രെയിൻ പെഷവാറിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സ്ഥിരീകരണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും ബലൂചിസ്ഥാന്റെ ആഭ്യന്തര കാര്യ പ്രത്യേക അസിസ്റ്റന്റ് ബാബർ യൂസഫ്സായ് പറഞ്ഞു. ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുന്നതിനാൽ സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.

ക്വറ്റ കന്റോൺമെന്റിൽ നിന്ന് പാകിസ്താൻ സൈനികരെ കൊണ്ടുപോവുകയായിരുന്ന ട്രെയിനിന് നേരെ തങ്ങളുടെ ആത്മഹത്യാ സ്‌ക്വാഡായ ‘മജീദ് ബ്രിഗേഡ്’ ആണ് ആക്രമണം നടത്തിയതെന്ന് ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button