അന്തർദേശീയം

ബാങ്കോക്കിൽ ലെവൽ ക്രോസിംഗിൽ ചരക്കു തീവണ്ടി ബസിലേക്ക് ഇടിച്ച് കയറി;. എട്ട് മരണം, 32ലേറെ പേർക്ക് പരിക്ക്

ബാങ്കോക്ക് : ലെവൽ ക്രോസിംഗിൽ ബസിലേക്ക് ഇടിച്ച് കയറി ചരക്കു തീവണ്ടി. 8 പേർക്ക് ദാരുണാന്ത്യം, 32ലേറെ പേർക്ക് ഗുരുതര പരിക്ക്. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള അസോക്ദിൻ ഡേങ് റോഡിൽ എയർപോർട്ട് റെയിൽ ലിങ്കിന്റെ മക്കസാൻ സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിംഗിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ദാരുണമായ അപകടമുണ്ടായത്. കനത്ത ട്രാഫിക് ബ്ലോക്കിൽപ്പെട്ട് ഒരു പൊതുഗതാഗത ബസ് റെയിൽവേ ട്രാക്കിന് മുകളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ബസ് ട്രാക്കിൽ കിടന്നതിനാൽ റെയിൽവേ ക്രോസിംഗിന്റെ സുരക്ഷാ ബാരിയറുകൾ പൂർണ്ണമായി അടയ്ക്കാൻ സാധിച്ചില്ല. ഈ സമയത്താണ് കണ്ടെയ്നറുകളുമായി വന്ന ചരക്ക് തീവണ്ടി നിയന്ത്രണം വിട്ട് പാഞ്ഞടുക്കുകയും ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തത്. അപകടം ഒഴിവാക്കാൻ ആവശ്യമായ അകലത്തിൽ വെച്ച് ബ്രേക്ക് പ്രയോഗിക്കാൻ തീവണ്ടിക്ക് സാധിച്ചില്ലെന്ന് ഗതാഗത വകുപ്പ് സഹമന്ത്രി വിശദമാക്കിയത്.

ചരക്ക് തീവണ്ടി ശക്തമായി വന്നിടിച്ചതോടെ ബസിന് പെട്ടെന്ന് തീപിടിക്കുകയും ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് വൻ അഗ്നിഗോളമായി മാറുകയും ചെയ്തതാണ് അപകടത്തിന്റെ ആഘാതം വർദ്ധിക്കാൻ കാരണമായത്. ഇടിയുടെ ആഘാതത്തിൽ ബസിനെ തീവണ്ടി ഏകദേശം 50 മീറ്ററോളം ട്രാക്കിലൂടെ മുന്നോട്ട് വലിച്ചുകൊണ്ടുപോയി.ഇതോടെ ട്രാക്കിന് സമീപം ട്രാഫിക് ബ്ലോക്കിൽ കിടന്നിരുന്ന മറ്റ് കാറുകളിലേക്കും മോട്ടോർ സൈക്കിളുകളിലേക്കും തീ അതിവേഗം പടരുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാർ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ പൂർണ്ണമായും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൂടാതെ 32ലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടനടി സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് വൻ അഗ്നിശമനസേനാ വ്യൂഹവും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസിലെയും സമീപത്തെ വാഹനങ്ങളിലെയും തീ പൂർണ്ണമായും അണച്ചത്.

അപകടത്തെക്കുറിച്ച് തായ്ലൻഡ് പ്രധാനമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലെവൽ ക്രോസിംഗിലെ സുരക്ഷാ ബാരിയറുകൾ പ്രവർത്തനരഹിതമായിരുന്നോ എന്ന കാര്യം പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. ഇതിനിടയിൽ, റെയിൽവേ ക്രോസിംഗിന് തൊട്ടുമുന്നിൽ വെച്ച് മാത്രം അടിയന്തര ബ്രേക്ക് പ്രയോഗിച്ച തീവണ്ടി ഡ്രൈവർക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ച് മരണത്തിന് കാരണമാക്കിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് ഡ്രൈവർക്കെതിരെയും അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്ന് ബാങ്കോക്ക് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button