ഡൽഹി വിമാനത്താവളത്തിൽ 45 തോക്കുകളുമായി ദമ്പതികൾ പിടിയിൽ
ന്യൂഡല്‍ഹി: 45 കൈതോക്കുകളുമായി ദമ്ബതികള്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ദമ്ബതികളായ ജഗ്ജിത് സിങ്, ജസ്‍വീന്ദര്‍ കൗര്‍ എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 10ന് വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദമ്ബതികള്‍ നിരീക്ഷണത്തിലായിരുന്നു. ജഗ്ജിത് സിങിന്റെ സഹോദരന്‍ മഞ്ജിത് സിങ് നല്‍കിയ രണ്ട് ട്രോളി ബാഗുകളിലാണ് പിസ്റ്റളുകള്‍ ഉണ്ടായിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫ്രാന്‍സിലെ പാരീസില്‍ നിന്ന് ഹോ ചി മിന്‍ സിറ്റിയില്‍ എത്തിയതാണ് മഞ്ജിത് സിങ്. ഇവിടെ വച്ച് ജഗ്ജിത് സിങ്ങിന് മന്‍ജിത് സിങ് ബാഗുകള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബാഗുകള്‍ കൈമാറിയ ശേഷം മഞ്ജിത് സിങ് വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തോക്കുകള്‍ അടങ്ങിയ ട്രോളി ബാഗിന്റെ ടാഗുകള്‍ നീക്കം ചെയ്യാനും നശിപ്പിക്കാനും വനിതാ യാത്രക്കാരി ഭര്‍ത്താവിനെ സഹായിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 22.5 ലക്ഷം രൂപ വിലയുള്ള തോക്കുകളാണ് പിടിച്ചെടുത്തത്. നേരത്തെ തുര്‍ക്കിയില്‍ നിന്ന് 25 പിസ്റ്റളുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നതായി ഇരുവരും സമ്മതിച്ചതായും കസ്റ്റംസ് പറഞ്ഞു.
തോക്കുകള്‍ യഥാര്‍ത്ഥമാണോ അല്ലയോ എന്നറിയാന്‍ അന്വേഷണം നടക്കുകയാണ്. തോക്കുകള്‍ യഥാര്‍ഥമാണെന്ന് പ്രാഥമിക പരിശോധന നടത്തിയ ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) തീവ്രവാദ വിരുദ്ധ യൂനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. ‘പ്രാഥമിക അന്വേഷണത്തില്‍, തോക്കുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) സ്ഥിരീകരിച്ചിട്ടുണ്ട്’-കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ അറിയിച്ചു.