അന്തർദേശീയം
ലബനനിലെ ഹമാസ് തലവനെ വധിച്ച് ഇസ്രയേല്‍

ജെറുസലേം : തെക്കന്‍ ലബനനില്‍ ഇന്നലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് ഷഹീന് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സ്ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
ഇസ്രയേല്‍ ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തെക്കന്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല.
സിദനിലെ മുനിസിപ്പല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തിനു സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീനു നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഒത്താശയോടെ ഇസ്രയേല്‍ പൗരന്മാര്ക്കെതിരെ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.