പശ്ചിമേഷ്യന്‍ സംഘര്‍ഷം : യുഎസ് സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി ട്രംപ് തള്ളി

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം തള്ളിയത്. മധ്യസ്ഥര്‍ മുഖേന ഇറാന് സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും എന്നാല്‍ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ വ്യക്തമാക്കി.
ഇറാന്റെ ഭരണപ്രതിനിധികള്‍ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പ്രതിനിധികളുടെ മറുപടി വായിച്ചു. തികച്ചും അസ്വീകാര്യമാണ്. ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് ചര്‍ച്ചകളില്‍ മധ്യസ്ഥരായ പാകിസ്ഥാന് വഴിയാണ് ഇറാന് മറുപടി നല്‍കിയത്.
ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്റാൻ ശക്തമായി എതിർക്കുന്നു. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തൽ സാധ്യത ദുഷ്കരമാക്കുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
ഇറാന്റെ പ്രതികരണം ലഭിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.



