യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റ്, ആരോഗ്യനിലയിൽ വിശദീകരണവുമായി ഇറാൻ

തെഹ്റാൻ : യുഎസ് ആക്രമണത്തിൽ പരമോന്നത നേതാവ് മുജ്തബ ഖാംനഈ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ ഖാംനഈയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇറാൻ പ്രസിഡന്‍റ് മഹ്‌മൂദ് പെസഷ്കിയാൻ. ഇറാൻ ടെലിവിഷൻ മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രസിഡന്‍റിന്‍റെ അവകാശവാദം. എന്നാൽ, കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംഷങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇസ്ലാമിക് റിപ്പബ്ലിക്ക് മേധാവിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ പൊതുപരിപാടികളിൽ മുജ്തബ പങ്കെടുത്തിരുന്നില്ല. ആയത്തുല്ല അലി ഖാംനഈയെ കൊലപ്പെടുത്തിയ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ മുജ്തബ ഖാംനഈക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പ്രസിഡന്‍റിന്‍റെ പ്രതികരണം.
‘ഈ കൂടിക്കാഴ്ചയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് പരമോന്നത നേതാവിന്‍റെ ദീർഘവീക്ഷണവും വിനീതവും ആത്മാർത്ഥവുമായ സമീപനവുമാണ്’. പെസെഷ്കിയാൻ വീഡിയോയിൽ പറഞ്ഞു. അതേസമയം, മുജ്തബ ഖാംനഈയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല.
ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ചതിന് പിന്നാലെ മുജ്തബ ഖാംനഈയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. അന്നത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പിതാവ് അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, ആക്രമണത്തിൽ മുജ്തബയും കൊല്ലപ്പെട്ടെന്നുള്ള തരത്തിൽ വലിയ തോതിൽ പ്രചാരണം നടക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുജ്തബയെ വിദഗ്ധ ചികിത്സകൾക്കായി റഷ്യയിലേക്ക് കൊണ്ടുപോയെന്നും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഉയർന്നുകൊണ്ടിരിക്കുന്ന വാർത്തകളെല്ലാം കിംവദന്തികൾ മാത്രമാണെന്നും അദ്ദേഹം ആരോഗ്യത്തോട് കൂടി ജീവിച്ചിരിപ്പുണ്ടെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഊഹാപോഹങ്ങൾക്ക് ശമനമാകുകയായിരുന്നു.
ആക്രമണത്തിൽ മാരകമായി മുറിവേറ്റെങ്കിലും മാനസികമായി അദ്ദേഹം കരുത്തനാണെന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട്. തന്‍റെ പിതാവിന്‍റെ ജീവനെടുത്ത ബോംബാക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മുജ്തബ, തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഖാംനഈ ജീവിച്ചിരിപ്പുണ്ടെന്ന വാർത്തകൾക്ക് കരുത്ത് പകരുന്നതായിരുന്നു അക്കാലയളവിലെ പ്രസിഡന്‍റ് പെസെഷ്കിയാന്‍റെ പ്രസ്താവനകൾ. ഹാർട്ട് സർജറി വിദഗ്ധനും ആരോഗ്യമന്ത്രിയുമായിരുന്ന അദ്ദേഹം, ഖാംനഈയുടെ ആരോഗ്യനിലയിൽ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു. ഇസ്രായേൽ ചാരസംഘടനകൾക്ക് വിവരം ലഭിക്കാതിരിക്കാനായി ഐആർജിസി, സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പരമോന്നത നേതാവിനെ സന്ദർശിക്കാൻ അനുവാദം നൽകിയിരുന്നില്ല.
കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഇറാനിയൻ ഉദ്യോഗസ്ഥർക്ക് ഖാംനഈ സന്ദേശമയക്കുകയും ചെയ്തിരുന്നു. അമേരിക്കക്കും ഇസ്രായേലിനുമെതിരായ യുദ്ധത്തിൽ നൽകിയ പിന്തുണക്ക് ഇറാഖിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പരമോന്നത നേതാവിന്‍റെ സന്ദേശം ഇറാനിയൻ മാധ്യമങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. 1979-ലെ ഐതിഹാസികമായ ഇസ്ലാമിക് റിപ്പബ്ലിക്കിന് ശേഷം, തന്‍റെ പിതാവിന്‍റെയും വിപ്ലവ സ്ഥാപകൻ ആയത്തുല്ല റൂഹുല്ല ഖാംനഈയുടെയും പിൻഗാമിയായെത്തുന്ന മൂന്നാമത്തെ പരമോന്നത നേതാവാണ് മുജ്തബ ഖാംനഈ.



