അന്തർദേശീയം

പശ്ചിമേഷ്യൻ പ്രതിസന്ധി : ഖത്തർ പ്രധാനമന്ത്രിയുമായി ഫോൺ വഴി ചർച്ച നടത്തി ഇറാൻ വിദേശകാര്യമന്ത്രി

ദോഹ : പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനിയെ വിളിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ ഇരുവരും ഫോൺ വഴി ചർച്ച നടത്തി. പ്രശ്‌നങ്ങൾ സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

യുഎസുമായുള്ള സമാധാന സംഭാഷണങ്ങൾ വേണ്ടത്ര പുരോഗതിയില്ലാതെ തുടരുന്ന വേളയിലാണ് ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യമന്ത്രിയും തമ്മിലുള്ള ആശയവിനിമയം. നിലവിലെ നയതന്ത്ര കൂടിയാലോചനകളുടെ പുരോഗതി അബ്ബാസ് അറാഗ്ചി ഖത്തർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ സമ്പൂർണ പിന്തുണ ഉറപ്പു നൽകുന്നതായും പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചർച്ചകളിൽ പുരോഗതിക്ക് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. സംഘർഷം വർധിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കണം. ഇതിനായി എല്ലാ കക്ഷികളും സഹകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.

ഹോർമുസ് കടലിടുക്കിനെ സമ്മർദ തന്ത്രമായി ഉപയോഗിക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി ആവർത്തിച്ചു. സ്വതന്ത്രമായ കടൽയാത്ര വിട്ടുവീഴ്ചയ്ക്ക് ഇടമില്ലാത്ത വിധം സ്ഥാപിക്കപ്പെട്ട തത്വമാണ്. ഹോർമുസ് അടച്ചിടുന്നത് മേഖലയിലെ രാഷ്ട്രങ്ങളുടെ താത്പര്യങ്ങളെ അപകടപ്പെടുത്തും. ആഗോള ഊർജ-ഭക്ഷ്യ വിതരണം, വിപണി സ്ഥിരത, വിതരണ ശൃംഖല എന്നിവയെ അത് പ്രതികൂലമായി ബാധിക്കും. മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താൻ അന്താരാഷ്ട്ര നിയമങ്ങളും യുഎൻ ചാർട്ടറുകളും അംഗീകരിക്കണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button