ഡൽഹി നിർഭയ കേസിന് സമാനമായി ബിഹാറിലും പെൺകുട്ടി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി
പാട്ന: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസിന് സമാനമായി ബിഹാറിലെ വെസ്റ്റ് ചമ്ബാരന്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മൂന്ന് പേര് ബസിനുള്ളില്‍ ബലാത്സംഗം ചെയ്തു.
ബെട്ടിയ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ബസിനുള്ളില്‍ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ബസ് ഡ്രൈവറും കൂട്ടാളികളും ചേര്‍ന്ന് മയക്കുമരുന്ന് അടങ്ങിയ ശീതളപാനീയം നല്കി ബലാത്സംഗം ചെയ്തെന്ന ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ക്രൂര കൃത്യമെന്ന് ബെട്ടിയ സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ മുകുള്‍ പാണ്ഡെ പറഞ്ഞു. മൂന്ന് പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16നാണ് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ബസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരമായ അക്രമത്തിനും ഇരയായത്. ചികിത്സയിലിരിക്കെ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങളാണ് സംഭവത്തെ തുടര്‍ന്ന് ഉണ്ടായത്. പിന്നീട് തെരുവുകളിലേക്കും പ്രതിഷേധങ്ങള്‍ കത്തിപ്പടര്‍ന്നു.
ആറ് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. മുഖ്യപ്രതി രാംസിങ് വിചാരണക്കിടെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. അതേസമയം, മറ്റൊരു പ്രതിക്ക് പെണ്‍കുട്ടി അക്രമിക്കപ്പെടുന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ജുവനൈല്‍ കേന്ദ്രത്തിലേക്ക് അയച്ച ഇയാളെ മൂന്ന് വര്‍ഷത്തിന് ശേഷം വിട്ടയച്ചു.
പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ഇയാളായിരുന്നുവെന്നാണ് കണ്ടെത്തല്‍. കേസിലെ മറ്റ് നാല് പ്രതികളായ വിനയ്, അക്ഷയ്, പവന്, മുകേഷ് എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു. 2020 മാര്‍ച്ച് 20ന് നാല് പേരെയും തൂക്കിലേറ്റി.