അന്തർദേശീയം

ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടു നിന്നേക്കാം : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടു നിന്നേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ”ഇത് നാലാഴ്ചയോളം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്. നാലാഴ്ച എടുക്കുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതില്‍ കുറവോ സമയമെടുക്കും” ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിലിനോട് ട്രംപ് പറഞ്ഞു.

തന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നിന്ന് ഒരു ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ യുദ്ധത്തിനിടെ മൂന്ന് യുഎസ് ഭടന്മാര്‍ കൊല്ലപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചു. എന്നാല്‍ അവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. അവര്‍ മികച്ച ആളുകളാണ്. നിര്‍ഭാഗ്യവശാല്‍ അതു സംഭവിച്ചു എന്നും ട്രംപ് അഭിപ്രായപ്പെട്ടു. പിന്നീട് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ഇറാനിലെ ഓപ്പറേഷന്‍ ‘ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളില്‍ ഒന്ന്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC ) ആസ്ഥാനം തകര്‍ത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടു. പാമ്പിന്റെ തല വെട്ടിമാറ്റിയെന്നാണ് നടപടിയെ സൈന്യം വിശേഷിപ്പിച്ചത്. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഉത്തരവാദിയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണ്. ഇപ്പോള്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് ഒരു ആസ്ഥാനം ഇല്ലെന്നും യുഎസ് സൈന്യം കൂട്ടിച്ചേര്‍ത്തു.

ബഹ്റൈൻ പ്രദേശത്ത് ഇറാൻ നടത്തിയ ആക്രമണത്തെ ട്രംപ് അപലപിച്ചു. ബഹറൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ ട്രംപ് ഫോൺ ചെയ്തു. ബഹറൈന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിച്ച എല്ലാ നടപടികളിലും രാജ്യത്തിന് അമേരിക്ക പിന്തുണ നൽകുമെന്ന് അറിയിച്ചു. പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. ട്രംപിന്റെ പിന്തുണയ്ക്കും ആത്മാർത്ഥമായ ഐക്യദാർഢ്യത്തിനും ബഹറൈൻ രാജാവ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button