ബിജെപി വക്താവിന്റെ പ്രവാചക നിന്ദ; കടുത്ത പ്രതിഷേധവുമായി ഖത്തറും കുവൈത്തും
പ്രവചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നുപുർ ശർമ നടത്തിയ അപകീർത്തി പരാമർശത്തിൽ പ്രതിഷേധമറിയിച്ച് കുവൈറ്റും. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈറ്റ് പ്രതിഷേധം അറിയിച്ചത്. നുപുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി നടപടിയെ കുവൈറ്റ് സ്വാഗതം ചെയ്തു. നേരത്തെ, വിഷയത്തിൽ ഖത്തറും പ്രതിഷേധം അറിയിച്ചിരുന്നു.
ബിജെപി ദേശീയ വക്താവായിരുന്ന നുപുർ ശർമയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത് പിന്നീട് ഇവർ പിൻവലിച്ചു. തൻ്റെ പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രസ്താവന പിൻവലിക്കുകയാണെന്ന് നുപുർ പറഞ്ഞു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ നുപുറിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഇവർ പ്രസ്താവന പിൻവലിക്കുന്നതായി അറിയിച്ചത്. ബിജെപിയുടെ ഡൽഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് നവീൻ കുമാർ ജിൻഡലിനെയും നീക്കിയിരുന്നു.
ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിലാണ് നുപുർ വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ ആളുകൾ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞു. മുസ്ലീങ്ങൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ നേരത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
പുനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.153 എ, 153 ബി, 295 എ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ സമാനമായ ഒരു കേസ് മുംബൈ പൊലീസും രജിസ്റ്റർ ചെയ്തിരുന്നു.
യുവധാര ന്യൂസ്