ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ വെടിവയ്പ്; അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി

വാഷിങ്ടണ്‍ ഡിസി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ വെടിവയ്പ്. ട്രംപിന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ അതിക്രമിച്ച് കയറാകന് ശ്രമിച്ച ആയുധധാരിയെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം.
ട്രംപിന്റെ ഫ്ളോറിഡയിലെ മാര്‍ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലേക്കാണ് തോക്കുധാരിയായ യുവാവ് അതിക്രമിച്ച് കയറിയത്. ഇയാളുടെ കൈയില്‍നിന്നും ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാന്‍ഡും കണ്ടെത്തിയതായി സൂചനയുണ്ട്.
സാധാരണയായി വാരാന്ത്യങ്ങളില്‍ ട്രംപ് ഇവിടെ എത്താറുണ്ട്. എന്നാല്‍ വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടക്കുമ്പോള്‍ ട്രംപും ഭാര്യ മെലാനിയയും വാഷിങ്ടനില്‍ വൈറ്റ്ഹൗസിലായിരുന്നു.
മരിച്ചയാള്‍ക്ക് 20 വയസ്സിന് മുകളിലാണ് പ്രായമെന്നും സുരക്ഷാ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അനുമതിയില്ലാതെയാണ് യുവാവ് അകത്ത് കടന്നത്. സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടിയും ചേര്‍ന്നാണ് ഇയാളെ വെടിവെച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ വേറെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.



