നോർവേ ക്രൗൺ പ്രിൻസസിന്റെ മകനെതിരെ കഞ്ചാവ് കേസ്

ഓസ്ലോ : നോർവേയുടെ ക്രൗൺ പ്രിൻസസ് മെറ്റെ-മാരിറ്റിന്റെ മൂത്തമകനായ മാരിയസ് ബോർഗ് ഹോയ്ബി (29)നെതിരെ ബലാത്സംഗവും കഞ്ചാവ് കടത്തും ഉൾപ്പെടെ ഗുരുതര കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ തുടങ്ങി.
ദീർഘകാല അന്വേഷണത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് ഹോയ്ബിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 38 കുറ്റങ്ങളാണ് രാജകുടുംബത്തിലെ ഈ യുവാവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
2018മുതൽ 2024നവംബർ വരെയുള്ള കാലയളവിലെ കേസുകളാണ്.നാലു ബലാത്സംഗ കേസുകൾ ഇതിൽ ഉൾപ്പെടുന്നു.മുൻ പങ്കാളിക്കെതിരായ ഗാർഹിക പീഡനവും ഭീഷണികളും ഇതിന് പുറമെ മറ്റൊരു ലൈംഗിക പങ്കാളിക്കെതിരായ അക്രമവും ഉൾപ്പെടുന്നു. കഞ്ചാവ് കടത്തൽ, ട്രാഫിക് നിയമ ലംഘനങ്ങൾ തുടങ്ങിയ കുറ്റങ്ങളിലും കേസ് നടക്കുന്നു.
ഓസ്ലോ ജില്ലാ കോടതിയിലാണ് വിചാരണ. കുറ്റം തെളിഞ്ഞാൽ ഹോയ്ബിക്ക് പരമാവധി 10വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണ മാർച്ച് മധ്യം വരെ നീണ്ടുനിൽക്കുമെന്നാണ് വിലയിരുത്തൽ.
ക്രൗൺ പ്രിൻസ് ഹാക്കോണിന്റെ സ്തേപ്സണായ ഹോയ്ബിക്ക് രാജകീയ പദവിയോ ഔദ്യോഗിക ചുമതലകളോ ഇല്ല. 2024ൽ വിവിധ കേസുകളിലായി പലതവണ അറസ്റ്റിലായതോടെയാണ് അദ്ദേഹം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ജാമ്യത്തിലാണ്.
ഹോയ്ബി രാജകുടുംബത്തിന്റെ ഭാഗമല്ലെന്നും,ഒരു സാധാരണ നോർവേ പൗരനെന്ന നിലയിൽ എല്ലാവർക്കും ബാധകമായ നിയമങ്ങൾക്കു കീഴിലാണെന്നും കുടുംബം പ്രതികരിച്ചു.



