കോളിളക്കം സൃഷ്ടിച്ച് എപ്സ്റ്റീൻ ഫയൽസിൽ യുവതിക്കൊപ്പമുള്ള മുൻ രാജകുമാരൻ ആൻഡ്രൂവിൻറെ ചിത്രങ്ങളിൽ പുറത്ത്

വാഷിങ്ടൺ ഡിസി : ബ്രിട്ടനിലെ മുൻ രാജകുമാരനായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സറിന് നാണക്കേടായി ‘എപ്സ്റ്റീൻ ഫയൽസി’ലെ ചിത്രങ്ങൾ. കഴിഞ്ഞദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ എപ്സ്റ്റീൻ ഫയൽസിലാണ് യുവതിയുമായി അടുത്തിടപഴകുന്ന ആൻഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും ഉൾപ്പെട്ടിരിക്കുന്നത്.
യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇതിലാണ് ഒരു യുവതിയ്‌ക്കൊപ്പം തറയിൽ കുനിഞ്ഞിരിക്കുന്ന ആൻഡ്രൂ രാജകുമാരന്റെ വിവിധ ചിത്രങ്ങളുമുള്ളത്. യുവതിയുടെ ദേഹത്ത് സ്പർശിക്കുന്നതും ചിത്രങ്ങളിലുണ്ട്. ഒരു ചിത്രത്തിൽ ആൻഡ്രൂ രാജകുമാരൻ ക്യാമറയിലേക്ക് തുറിച്ചുനോക്കുന്നതും കാണാം.
ജീൻസും ടീഷർട്ടുമാണ് ചിത്രങ്ങളിൽ ആൻഡ്രൂ രാജകുമാരന്റെ വേഷം. അതേസമയം, ചിത്രങ്ങളിലുള്ള യുവതി ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ ചിത്രങ്ങൾ എവിടെവെച്ച് പകർത്തിയതാണെന്നും വ്യക്തമല്ല.
യുവതിക്കൊപ്പമുള്ള ചിത്രങ്ങൾക്ക് പുറമേ ഒരു റഷ്യൻ സ്ത്രീയെ ജെഫ്രി എപ്സ്റ്റീൻ ആൻഡ്രൂ രാജകുമാരന് പരിചയപ്പെടുത്തുന്നതിന്റെ തെളിവുകളും പുതിയ എപ്സ്റ്റീൻ ഫയൽസിലുണ്ട്. 2010-ൽ എപ്സ്റ്റീൻ ആൻഡ്രൂ രാജകുമാരന് അയച്ച ഇമെയിലിലാണ് ഇതുസംബന്ധിച്ച് പറയുന്നത്. ’26 വയസ്സുള്ള അവൾ ബുദ്ധിമതിയും സുന്ദരിയുമാണ്’ എന്നാണ് എപ്സ്റ്റീൻ ആൻഡ്രൂ രാജകുമാരനോട് പറഞ്ഞിരുന്നത്. റഷ്യൻ സ്ത്രീ ഓഗസ്റ്റ് 20-നും 24-നും ഇടയിൽ ലണ്ടനിലുണ്ടാകുമെന്നും ഇമെയിൽ സന്ദേശത്തിൽ പറയുന്നു. ഇതിനുമറുപടിയായി ആൻഡ്രൂ രാജകുമാരൻ അയച്ച ഇമെയിൽ സന്ദേശവും എപ്സ്റ്റീൻ ഫയൽസിലുണ്ട്. തന്നെക്കുറിച്ച് അവളോട് എന്താണ് പറഞ്ഞതെന്നാണ് ആൻഡ്രൂ രാജകുമാരൻ എപ്സ്റ്റീനോട് ചോദിക്കുന്നത്. അതേസമയം, റഷ്യൻ സ്ത്രീയും ആൻഡ്രൂ രാജകുമാരനും തമ്മിൽ കൂടിക്കാഴ്ച നടന്നോ എന്നതുസംബന്ധിച്ച് എപ്സ്റ്റീൻ ഫയൽസിൽ വെളിപ്പെടുത്തുന്നില്ല.
കഴിഞ്ഞമാസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിലും ആൻഡ്രൂ രാജകുമാരന്റെ ചിത്രമുണ്ടായിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സാൻഡ്രിങ്ഗാം എസ്റ്റേറ്റിൽ ആൻഡ്രൂ രാജകുമാരൻ അഞ്ചുസ്ത്രീകളുടെ മടിയിൽ കിടക്കുന്ന ചിത്രമായിരുന്നു നേരത്തേ പുറത്തുവന്നത്. എന്നാൽ, ഇതുസംബന്ധിച്ച ആരോപണങ്ങളെല്ലാം ആൻഡ്രൂ രാജകുമാരൻ നിഷേധിച്ചിരുന്നു. എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് കഴിഞ്ഞവർഷം ആൻഡ്രൂവിന് രാജപദവികളും നഷ്ടമായിരുന്നു.
എപ്സ്റ്റീൻ ഫയൽസിലെ അവസാനഭാഗമാണ് യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടത്. 30 ലക്ഷം പേജുകളും 2000 വീഡിയോകളും 1,80,000 ചിത്രങ്ങളുമാണ് എപ്സ്റ്റീൻ ഫയൽസിൽ അവസാനം പുറത്തുവന്നിട്ടുള്ളത്.
എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലിൽ കഴിഞ്ഞ നവംബർ 20-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവിധഘട്ടങ്ങളിലായി എപ്സ്റ്റീൻ ഫയൽസ് പുറത്തുവിട്ടുത്തുടങ്ങിയത്.
അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പെൺസുഹൃത്തിനൊപ്പം ചേർന്ന് നിരവധി പെൺകുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്. ഹോളിവുഡ് നടനും ഓസ്‌കാർ ജേതാവുമായ ലിയൊനാർഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ദീർഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാൻഡ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങിയവരുടെ പേരുകൾ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല പ്രമുഖരും പെൺകുട്ടികളെ ദുരുപയോഗംചെയ്തെന്നാണ് പറയപ്പെടുന്നത്.
നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീൻ 2006-ലാണ് അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ഉൾപ്പെട്ട എപ്സ്റ്റീന്റെ പെൺസുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വർഷം തടവിനും ശിക്ഷിച്ചിരുന്നു.



