അന്തർദേശീയംആരോഗ്യം

മദ്യപിക്കാതെ ലഹരി; ഓട്ടോ ബ്രൂവറി സിന്‍ഡ്രോത്തിൻറെ കാരണം കണ്ടെത്തി ഗവേഷകര്‍

കലിഫോര്‍ണിയ : ശരീരം സ്വന്തമായി വയറ്റിനുള്ളില്‍ ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഒരു അസുഖാവസ്ഥ ഉണ്ടെന്ന് അറിയാമോ? ഓട്ടോ ബ്രൂവറി സിന്‍ഡ്രോം (എബിഎസ്) എന്നാണ് അപൂര്‍വമായ ഈ അസുഖത്തെ ഡോക്ടര്‍മാര്‍ വിളിക്കുന്നത്. മദ്യപിക്കാതെ തന്നെ വയറ്റില്‍ ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഇത് രക്തത്തില്‍ കലര്‍ന്ന് മദ്യപിച്ചതിന് സമാനമായ അവസ്ഥ സൃഷ്ടിക്കപ്പെടുകയുമാണ് ചെയ്യുക. അപൂര്‍വവും ഏറ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ ഈ അവസ്ഥ വയറ്റിലെ ഒരു കൂട്ടം ബാക്ടീരിയകളുടെ പണിയാണെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ നേച്ചര്‍ മൈക്രോബയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അപൂര്‍വം ചിലയാളുകളില്‍ മാത്രം കാണപ്പെടുന്ന അസുഖമാണിത്. ശരീരത്തില്‍ സ്വന്തമായി ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അവസ്ഥ. ഈ ആല്‍ക്കഹോള്‍ രക്തത്തില്‍ കലരുകയും രോഗിക്ക് മദ്യപിച്ചതിന് സമാനമായ ലഹരിയുണ്ടാവുകയും ചെയ്യും. തലചുറ്റല്‍, മയക്കം, സംസാരത്തില്‍ തടസ്സം, അസാധാരണമായ പെരുമാറ്റം, ക്ഷീണം, തലവേദന തുടങ്ങിയവയാണ് ഇതിന്‌റെ ലക്ഷണങ്ങള്‍. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റിനെയാണ് ചില ബാക്ടീരിയകള്‍ എഥനോളാക്കി മാറ്റുന്നത്. ഗട്ട് ഫെര്‍മെന്റേഷന്‍ എന്നും ഇതിന് പേരുണ്ട്. ശരീരത്തില്‍ എഥനോളിന്റെ അളവ് ഉയരുമ്പോള്‍ സ്വാഭാവികമായും മദ്യപരുടെ ശരീരാവസ്ഥയായിരിക്കും ഈ രോഗമുള്ളവരിലും കാണപ്പെടുക. 1952ല്‍ ജപ്പാനിലാണ് എബിഎസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ഉള്ളയാളുകള്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയത്. കൃത്യമായ രോഗനിര്‍ണയമോ ചികിത്സയോ കൂടാതെ വര്‍ഷങ്ങളോളം കഴിയേണ്ടിവരുന്നു. പലപ്പോഴും ഇവര്‍ സ്ഥിര മദ്യപാനികളായി ചിത്രീകരിക്കപ്പെടുന്നു. രക്തത്തില്‍ ആല്‍ക്കഹോള്‍ അളവ് കൂടിയതിനാല്‍ ചിലര്‍ നിയമപ്രശ്‌നങ്ങളില്‍ പോലും ചെന്നുചാടുന്നുണ്ട്.

ആളുകളെ കണ്ടെത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. എല്ലാ സമയത്തും ഇവര്‍ക്ക് ലഹരി അനുഭവപ്പെടാറില്ല. ലഹരി അനുഭവപ്പെടുന്ന സമയത്തിനു ശേഷമുള്ള ഇവരുടെ വിസര്‍ജ്യം പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോള്‍ അതില്‍ ശരാശരിയിലും കൂടുതല്‍ എഥനോള്‍ സാന്നിധ്യം കണ്ടെത്തി. വിശദമായ പരിശോധനയില്‍ ഇവരുടെ മലത്തില്‍ ഇ-കോളി, ക്ലബ്‌സില്ല ന്യൂമോണിയേ തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം കൂടിയ അളവിലുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് വയറ്റിലെ ചില ബാക്ടീരിയകളാണ് ആളുകളെ മദ്യപിക്കാതെ ‘മദ്യപാനികള്‍’ ആക്കുന്നതെന്ന് കണ്ടെത്തി. ഈ ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായാണ് വയറ്റില്‍ ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.

ഒരു രോഗിയില്‍ ‘ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്‌റേഷന്‍’ എന്ന ചികിത്സാരീതി നടത്തിയപ്പോള്‍ അസുഖം ഏറെ മെച്ചപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം എംഡി എലിസബത്ത് ഹോഹ്‌മാന്‍ പറഞ്ഞു. ആരോഗ്യവാനായ ഒരു വ്യക്തിയുടെ മലത്തിലെ, ദഹനത്തിന് അനുഗുണമായ ബാക്ടീരിയകളെ വയര്‍ സംബന്ധമായ അസുഖമുള്ള വ്യക്തിയുടെ മലാശയത്തിലേക്ക് ട്രാന്‍സ്പ്ലാന്‌റ് ചെയ്ത് ഉല്‍പ്പാദിപ്പിച്ചെടുക്കുന്ന ചികിത്സാ രീതിയാണിത്. ഇത്തരത്തില്‍ നല്ല ബാക്ടീരിയകളെ കൂടുതലായി വയറ്റിലെത്തിച്ചപ്പോഴാണ് ഒരു രോഗിക്ക് അസുഖത്തില്‍ വലിയ മാറ്റമുണ്ടായത്. ഇതിനൊപ്പം ആന്‌റിബയോട്ടിക് ചികിത്സകളും നടത്തിയപ്പോള്‍ 16 മാസത്തോളം അസുഖമില്ലാതെ കഴിയാനായി എന്നാണ് ഗവേഷകര്‍ പറയുന്നത്. ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്‌റേഷനില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും നേച്ചര്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഭക്ഷണം ക്രമീകരിക്കുകയാണ് ഈ അസുഖത്തെ നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗം. അമിതമായ കാര്‍ബോഹൈഡ്രേറ്റ്സും പ്രോസസ് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങളും ഈ രോഗം സ്ഥിരീകരിച്ചവര്‍ ഒഴിവാക്കണം. പഞ്ചസാര ഒഴിവാക്കുന്നതും ഏറെ ഗുണം ചെയ്യും. രോഗലക്ഷണങ്ങള്‍ ഒഴിവായാല്‍ പതിയെ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button