ഒട്ടകങ്ങൾക്കായി പ്രത്യേക പാലം നിർമ്മിക്കാൻ ഒരുങ്ങി സൗദി അറേബ്യ

റിയാദ് : ഒട്ടകങ്ങൾക്ക് പ്രധാന റോഡുകൾ മുറിച്ചു കടക്കുന്നതിനായി പാലം നിർമ്മിക്കാൻ ഒരുങ്ങി സൗദി അറേബ്യ. പ്രധാന ഹൈവേകളിലൂടെ ഒട്ടകങ്ങൾ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനായാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്നും ഇത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്സ് അറിയിച്ചു.
മരുഭൂമി പ്രദേശങ്ങളിലെ റോഡുകളിലൂടെ ഒട്ടകങ്ങൾ സ്വതന്ത്രമായി സഞ്ചരിക്കാറുണ്ട്. പലപ്പോഴും വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഒട്ടകങ്ങളെ കണ്ട് വളരെ പെട്ടെന്ന് നിർത്താൻ ശ്രമിക്കുകയും ഇങ്ങനെ അപകടങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ റോഡ് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് പ്രത്യേക ക്രോസിങ്ങുകൾ. ദീർഘദൂര ഹൈവേകളിൽ ഒട്ടകങ്ങൾ റോഡിന് കുറുകെ കടക്കുന്നത് സാധാരണ കാഴ്ചയാണ്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 426 വാഹന അപകടങ്ങൾ ഉണ്ടാകുകയും അഞ്ച് പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാലം നിർമ്മിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
റോഡിന് മുകളിലൂടെയോ പാലം നിർമ്മിച്ചോ അല്ലെങ്കിൽ താഴെ പ്രത്യേക തുരങ്കങ്ങളിലൂടെയോ ഇരുവശങ്ങളിലും വേലികെട്ടിയോ ആയിരിക്കും ഒട്ടകങ്ങൾക്കായി ക്രോസിംഗ് സംവിധാനം ഒരുക്കുന്നത്.
രാജ്യത്തിന്റെ റോഡ് ശൃംഖലയിൽ 51 ഒട്ടക ക്രോസിംഗുകളും 3,056 കിലോമീറ്റർ വേലി കെട്ടിയ റോഡുകളുമുണ്ട്. വരും വർഷങ്ങളിൽ ഇവയുടെ എണ്ണം വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



