കരീബിയന്‍ കടലില്‍ വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ് സൈന്യം

വാഷിങ്ടണ്‍ ഡിസി : കരീബിയന്‍ കടലില്‍ വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് യുഎസ് സൈന്യം. ടിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്ക് സമീപം അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ ‘ഒലീന’ എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഈസ്റ്റ് ടിമോറിന്റെ പതാകയാണ് കപ്പലിലുണ്ടായിരുന്നത്. ഒലീനയുടേത് വ്യാജ രജിസ്ട്രേഷനാണെന്നും വെനസ്വേലയില്‍ നിന്ന് ഉപരോധം ലംഘിച്ച് രഹസ്യ എണ്ണക്കടത്ത് നടത്തുന്ന കപ്പല്‍ ശൃംഖലയുടെ ഭാഗമാണിതെന്നും യുഎസ് അറിയിച്ചു.
എണ്ണനീക്കത്തിന് ഉപരോധം നേരിടുന്ന ഒലീന എന്ന കപ്പലാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് യുഎസ് സതേണ്‍ കമാന്‍ഡ് അറിയിച്ചു. മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് എണ്ണയുമായി വെനസ്വേലയില്‍നിന്ന് ഈ കപ്പല്‍ പുറപ്പെട്ടത്. ഒരു യുഎസ് ഹെലികോപ്റ്റര്‍ ടാങ്കറില്‍ ഇറങ്ങുന്നതും സൈനികര്‍ ഡെക്കില്‍ പരിശോധന നടത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ കാണാം.
കപ്പലിന് വെനസ്വേലയുമായി ബന്ധമുണ്ടോയെന്നോ ഉപരോധം നേരിടുന്നുണ്ടോയെന്നോ വ്യക്തമാക്കാന്‍ സതേണ്‍ കമാന്‍ഡ് വിസമ്മതിച്ചു. വെനസ്വേലയിലേക്കും അവിടെനിന്നും യാത്ര ചെയ്യുന്ന, ഉപരോധം നേരിടുന്ന കപ്പലുകള്‍ക്കെതിരായ കര്‍ശന നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും കപ്പല്‍ പിടിച്ചെടുത്തത്. വെനസ്വേലന്‍ എണ്ണയുടെ ആഗോള വിതരണം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായി യുഎസ് സൈന്യം പിടിച്ചെടുക്കുന്ന അഞ്ചാമത്തെ എണ്ണക്കപ്പലാണ് ഒലിന. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തില്‍ റഷ്യന്‍ പതാകയുള്ള ‘മറിനേര’ എന്ന വെനസ്വേലന്‍ എണ്ണക്കപ്പല്‍ കഴിഞ്ഞ ദിവസം യുഎസ് പിടിച്ചെടുത്തിരുന്നു.



