കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കമാകും. 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രൊജക്ടുകളാണ് ബിനാലെയില്‍ ഇടം പിടിച്ചത്. 2026 മാര്‍ച്ച് 31 വരെ 110 ദിവസം നീളുന്നതാണ് ലോകകലാഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന കലാമാമാങ്കം.
വൈകിട്ട് ആറിന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. 25 ലേറെ രാജ്യങ്ങളില്‍നിന്നുള്ള അറുപതിലേറെ കലാകാരന്മാര്‍ പങ്കാളിയാകുന്നതാണ് രാജ്യാന്തര വിഭാഗത്തിലെ പ്രദര്‍ശനം. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ രചനകളുടെ പ്രദര്‍ശനത്തിനുപുറമെ മലയാളി കലാകാരന്മാരുടെയും ഇന്ത്യന്‍ കലാ വിദ്യാര്‍ഥികളുടെയും കുട്ടികളുടെയും സൃഷ്ടികള്‍ പ്രത്യേക വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും. വിവിധ കലാവതരണങ്ങള്‍, സംവാദം, പ്രഭാഷണം തുടങ്ങി അനുബന്ധ പരിപാടികളും ദിവസവും അരങ്ങേറും.
രാജ്യാന്തര കലാസ്ഥാപനങ്ങള്‍ പങ്കാളിയാകുന്ന ഇന്‍വിറ്റേഷന്‍സ്, രാജ്യത്തെ 175 കലാ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ്സ് ബിനാലെ, കുട്ടികളുടെതായ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, 36 മലയാളി കലാകാരന്മാരുടെ രചനകള്‍ ഉള്‍പ്പെടുത്തിയ ‘ഇടം’ എന്നീ പ്രദര്‍ശനങ്ങള്‍ 13ന് തുടങ്ങും. അന്തരിച്ച വിഖ്യാത കലാകാരന്‍ വിവാന്‍ സുന്ദരത്തിന്റെ ഫോട്ടോഗ്രഫി ഇന്‍സ്റ്റലേഷന്‍ സിക്സ് സ്റ്റേഷന്‍സ് ഓഫ് എ ലൈഫ് പര്‍സ്യൂഡ്, പൊതുയിടങ്ങളില്‍ കലയെ എത്തിക്കുന്ന ഐലന്‍ഡ് മ്യൂറല്‍ പ്രേജക്ട് എന്നിവയുമുണ്ട്.



