ഓസ്ട്രേലിയയിൽ സാത്താന്‍ സേവയ്ക്കായി ശിശുക്കള്‍ മുതല്‍ മൃഗങ്ങള്‍വരെ ലൈംഗിക ദുരുപയോഗം; അന്താരാഷ്ട്ര സംഘം പിടിയില്‍

സിഡ്‌നി : സാത്താന്‍ ആരാധന നടത്തുകയും കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സംഘത്തിലുള്ളവർ ഓസ്ട്രേലിയയിൽ പിടിയിൽ. സിഡ്‌നി സ്വദേശികളായ നാല് യുവാക്കളെ അറസ്റ്റുചെയ്തതായി ഓസ്‌ട്രേലിയന്‍ പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഇവര്‍ നാലുപേരും, നവജാത ശിശുക്കള്‍ മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെയും മൃഗങ്ങളെയും വരെ ലൈംഗികമായി ഉപയോഗിക്കുന്ന ‘അതിക്രൂരമായ’ ദൃശ്യങ്ങള്‍ ഒരു അന്താരാഷ്ട്ര ശൃംഖലയുമായി പങ്കുവെച്ചതായി വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.ഇരകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
പ്രത്യേക ആചാരത്തിന്റെ ഭാഗമായെന്ന തരത്തിൽ നിഗൂഢ രഹസ്യ കോഡുകളായി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസിലെ ഡിറ്റക്ടീവുകള്‍ ഈ ശൃംഖലയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച സിഡ്‌നിയിലെ വിവിധയിടങ്ങളില്‍ ഒരേസമയം നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള ആയിരക്കണക്കിന് വീഡിയോകള്‍ കണ്ടെത്തിയതായി ന്യൂ സൗത്ത് വെയില്‍സ് സെക്‌സ് ക്രൈംസ് സ്‌ക്വാഡിന്റെ കമാന്‍ഡറായ ഡിറ്റക്റ്റീവ് സൂപ്രണ്ട് ജെയ്ന്‍ ഡോഹെര്‍ട്ടി പറഞ്ഞു. സിഡ്‌നിയിലുടനീളം പോലീസ് ആറോളം റെയ്ഡുകളാണ് നടത്തിയത്.
‘ഒരു വെബ്‌സൈറ്റിലൂടെ കുട്ടികളെ ഹീനമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും അതിന് സൗകര്യമൊരുക്കിയതിനും നാലുപേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് അന്താരാഷ്ട്ര തലത്തിലാണ് നിയന്ത്രിച്ചിരുന്നത്. ഈ അന്താരാഷ്ട്ര സംഘം സാത്താന്‍ ആരാധനയും ദുർമന്ത്രവാദവുമായും ബന്ധപ്പെട്ട ചിഹ്നങ്ങളും ആചാരങ്ങളും ഉള്‍പ്പെടുത്തി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും പീഡിപ്പിക്കുന്നതും ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കുകയും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ വിവരങ്ങള്‍ ഞങ്ങള്‍ കോടതിയെ ബോധിപ്പിക്കും.’ ഡോഹെര്‍ട്ടി പറഞ്ഞു.
ആചാരപരമോ സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടതോ ആയ പ്രമേയങ്ങള്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങളുടെ ഓണ്‍ലൈന്‍ വിതരണം അന്വേഷിക്കുന്നതിനായി ഏപ്രിലില്‍ സ്ഥാപിച്ച ‘സ്‌ട്രൈക്ക് ഫോഴ്സ് കോണ്‍സ്റ്റന്റൈന്‍’ എന്ന ഓപ്പറേഷന്റെ ഭാഗമായാണ് എന്‍എസ്ഡബ്ല്യു സെക്സ് ക്രൈംസ് സ്‌ക്വാഡ് അന്വേഷണം നടത്തിയത്.
നവംബറില്‍, ഒരു വലിയ അന്താരാഷ്ട്ര പീഡോഫൈല്‍ സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്ന സിഡ്‌നിയിലെ ഒരു സംഘത്തെ പറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു. ‘അവര്‍ പരസ്പരം ആശയവിനിമയം നടത്തുകയും ആ അന്താരാഷ്ട്ര ഗ്രൂപ്പിലൂടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്കിടയില്‍, മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നിരവധി വീഡിയോകളും ഉണ്ടായിരുന്നു.’ ഡോഹെര്‍ട്ടി പറഞ്ഞു.
സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചതായി പോലീസ് ആരോപിക്കുന്ന 26-കാരനായ വാട്ടര്‍ലൂ എന്നയാളെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ന്യൂ സൗത്ത് വെയില്‍സ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭ്യമാക്കുക, കൈവശം വെക്കുക എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. മൃഗങ്ങളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട കുട്ടികളെ തിരിച്ചറിയാനോ ഏത് രാജ്യത്താണ് അവ ചിത്രീകരിച്ചതെന്ന് സ്ഥിരീകരിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ‘ഞങ്ങള്‍ ഒരു കുട്ടിയെയും നേരിട്ട് തിരിച്ചറിഞ്ഞിട്ടില്ല, എന്നാല്‍ ദൃശ്യങ്ങളിലുള്ളത് യഥാര്‍ത്ഥ കുട്ടികളാണ്.’ ഡോഹെര്‍ട്ടി പറഞ്ഞു. സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ച് അന്വേഷിച്ചുവരുന്നതായും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.



