ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ജിനോമിക്സ് സിക്വന്‍സിങ് കണ്‍സോര്‍ട്യത്തിന്റെ(ഇന്‍സാകോഗ്) റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലും ഗുജറാത്തിലേയും ഓരോരുത്തര്‍ക്ക് എക്സ്.ഇയുടെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.
അതേസമയം, ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ഇന്‍സാകോഗ് ബുള്ളറ്റിനില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിന്റെ പ്രാദേശിക വ്യാപനം ഉണ്ടായിട്ടില്ല. രോഗംബാധിച്ചവരില്‍ ഗുരുതര ലക്ഷണങ്ങളില്ലെന്നും ഇന്‍സാകോഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം കോവിഡ് രോഗികളുടെ ജനിതകശ്രേണീകരണം നടത്തുന്ന ഏജന്‍സിയാണ് ഇന്‍സാകോഗ്.
എന്താണ് എക്സ്.ഇ വകഭേദം
ഒമിക്രോണിന്റെ ബി.എ.1, ബി.എ.2 വേരിയന്റുകളുടെ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് എക്സ്.ഇ. യു.കെയില്‍ ജനുവരിയിലാണ് ആദ്യം വകഭേദം കണ്ടെത്തിയത്. ഇത് എത്രത്തോളം ഗുരുതരമാകുമെന്നത് സംബന്ധിച്ചോ മറ്റ് ഒമിക്രോണ്‍ ഉപവകഭേദങ്ങളില്‍ നിന്നും എത്രത്തോളം വ്യത്യസ്തമാണെന്നത് സംബന്ധിച്ചോ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, എക്സ്.ഇ വകഭേദത്തില്‍ വേഗത്തില്‍ രോഗം പടരുമെന്നാണ് വിലയിരുത്തുന്നത്.