ആരോഗ്യംദേശീയം

അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധ: കശ്മീരി ഗ്രാമത്തിലെ 500 ഓളം പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദല്‍ ഗ്രാമത്തിലെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഏതാണ്ട് 400-500 ഓളം തദ്ദേശവാസികളെയാണ് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രദേശത്ത് 17 ദുരൂഹമരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ ചികിത്സയിലുമാണ്.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധകണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടുത്തെ കുടുംബങ്ങളെയും അവരുടെ ബന്ധുക്കളെയും മാറ്റാന്‍ തീരുമാനിച്ചത്. പുതിയ കേസുകളെ തുടര്‍ന്ന് രജൗരി ജില്ലാ കലക്ടര്‍ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു.

മുഴുവന്‍ ഗ്രാമവാസികളെയും മാറ്റുന്നില്ലെന്നും, അസുഖ ബാധിത കുടുംബങ്ങളെയും അവരുടെ കുടുംബങ്ങളെയും അടുത്ത ബന്ധുക്കളെയും സുരക്ഷയ്ക്കായി മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് എംഎല്‍എ ജാവേദ് ഇഖ്ബാല്‍ പറഞ്ഞു. ഗ്രാമവാസികളെ ജിഎംസി രജൗരി, പഴയ ആശുപത്രി രജൗരി, നഴ്‌സിംഗ് കോളജ് രജൗരി, ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. പരിശോധനകള്‍, ഭക്ഷണം, ഉള്‍പ്പെടെ താമസത്തിനുള്ള ക്രമീകരണങ്ങള്‍ അടക്കം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഡിസംബര്‍ 2 ന് ഫസല്‍ ഹുസൈന്റെ വീട്ടില്‍ വിവാഹ വിരുന്ന് നടത്തിയിരുന്നു. ഇതിനുശേഷം ഡിസംബര്‍ ഏഴിനാണ് അജ്ഞാത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഫസലും നാല് പെണ്‍മക്കളും അഞ്ച് ദിവസത്തിനുള്ളില്‍ രോഗബാധിതരായി മരിച്ചു. പിന്നാലെ മറ്റ് രണ്ട് കുടുംബങ്ങളില്‍ കൂടി രോഗബാധയുണ്ടായി. മുഹമ്മദ് റഫീഖിന് ഭാര്യയെയും മൂന്ന് കുട്ടികളെയും നഷ്ടപ്പെട്ടു. മുഹമ്മദ് അസ്ലമിന്റെ കുടുംബത്തിലെ ആറ് കുട്ടികളും അമ്മാവനും അമ്മായിയും മരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള ഉന്നത തല സംഘവും ഗ്രാമത്തിലെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button