ട്രെയിനിന് അടിയിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാൾ ആര്?; റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ : ട്രെയിൻ കടന്നുപോകുന്നതിനു മുൻപ് പാളത്തിൽവീണ മധ്യവയസ്‌കൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു. ചിറക്കലിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പന്നേൻപാറയിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം.
ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വീണ ആളോട് സമീപത്തുണ്ടായിരുന്നവർ ട്രെയിൻ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ഇയാൾക്ക് പെട്ടെന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. മുകളിലൂടെ ട്രെയിൻ കടന്നുപോയതിനുശേഷം ഒരു കൂസലുമില്ലാതെ എഴുന്നേറ്റ മധ്യവയസ്‌കൻ ട്രാക്കിലൂടെ വടക്ക് ഭാഗത്തേക്ക് നടന്നുപോകുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
ട്രാക്കിന് അടിയിൽ വീണതാരെന്ന് സ്ഥിരീകരിക്കാൻ റെയിൽവേ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തിൽപ്പെട്ടയാൾ മദ്യലഹരിയിലായിരുന്നോയെന്ന് സംശയമുണ്ട്. പന്നേൻപാറയിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് റെയിൽവേ പൊലീസ് അന്വേഷണം നടത്തുകയാണ്.