നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം; 3 പേർ കൊല്ലപ്പെട്ടു, 11 പേരെ തട്ടിക്കൊണ്ടുപോയി

അബുജ : വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ശനിയാഴ്ച പുലർച്ചെ നടന്ന തോക്കുധാരികളുടെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു കത്തോലിക്കാ പുരോഹിതൻ ഉൾപ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി അധികൃതർ പറഞ്ഞു. കടുന സംസ്ഥാനത്തെ കൗരു പ്രദേശത്തുള്ള പുരോഹിതന്റെ വസതിയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് തോക്കുധാരികൾ ആക്രമണം നടത്തിയതെന്ന് കടുനയിലെ കത്തോലിക്കാ രൂപത കഫഞ്ചൻ പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞു. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയുണ്ടായ പുതിയ സംഭവമാണിത്.
ജനുവരിയിൽ കടുനയിലെ മറ്റൊരു ഭാഗത്തുള്ള മൂന്ന് പള്ളികളിൽ നിന്ന് 150ലധികം പേരെ തട്ടിക്കൊണ്ടുപോയിരുന്നു. പുതിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ പടിഞ്ഞാറൻ ക്വാറ സംസ്ഥാനത്ത് നടന്ന ആക്രമണത്തിൽ 160-ലധികം പേർ കൊല്ലപ്പെട്ടു. വോറോ, നുകു ഗ്രാമങ്ങളിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ 162 പേരാണ് കൊല്ലപ്പെട്ടത്. തോക്കുധാരികൾ വീടുകൾ തകർക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും മാസങ്ങളായി നൈജീരിയയിൽ തുടരുകയാണ്. കത്തോലിക്കാ സ്കൂളിൽ നിന്ന് 300ഓളം വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയ സംഭവം ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.



