
ന്യൂഡല്‍ഹി : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവില്‍ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കില്‍ 26 പേരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിപ ബാധിച്ച് കഴിഞ്ഞാല്‍ 7,8,9 ദിവസങ്ങളിലാണ് തീവ്ര രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. മരിച്ച വിദ്യാര്‍ഥിയുമായി ആ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവരെയാണ് ഹൈയെസ്റ്റ് റിസ്‌കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.
നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 178 പേരാണ്. മരിച്ച വിദ്യാര്‍ഥിയുമായി സമ്പര്‍ക്കത്തില്‍പ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് തുടരുന്നത്. പൊലീസിന്റെയും മറ്റും സഹായത്തോടെയാണ് ഇത് നടന്നുവരുന്നത്. രോഗലക്ഷണമുള്ള മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.