പശ്ചിമേഷ്യയിൽ യുദ്ധം : 23,000 ഇന്ത്യൻ കപ്പൽ ജീവനക്കാർ നടുക്കടലിൽ കുടുങ്ങി

ന്യൂഡൽഹി : പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയായ ഹോർമൂസ് കടലിടുക്കിൽ പതിനായിരക്കണക്കിന് ഇന്ത്യൻ കപ്പൽ ജീവനക്കാർ കുടുങ്ങിക്കിടക്കുന്നു. മലയാളികളടക്കം ഏകദേശം 23,000 ഇന്ത്യൻ ജീവനക്കാരാണ് നിലവിൽ മേഖലയിലെ വിവിധ ചരക്കുക്കപ്പലുകളിലായി നടുക്കടലിൽ കുടുങ്ങിയിരിക്കുന്നത്.
ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തിൽ ഇവരുടെ സുരക്ഷയെക്കുറിച്ച് വൻ ആശങ്കയാണ് ഉയരുന്നത്. ഇറാൻ പരമോന്നത നേതാവിന്റെ വധത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ സൈന്യം ഏറ്റെടുത്തിരുന്നു.
ഇതിന് പിന്നാലെ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ പതിവായതോടെയാണ് ചരക്കുഗതാഗതം തടസ്സപ്പെട്ടത്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിൽ കപ്പലുകൾ നങ്കൂരമിട്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാൾട്ടയുടെ പതാക വഹിച്ച കപ്പലടക്കം നാല് കപ്പലുകൾ ആക്രമിക്കപ്പെട്ടു.
കപ്പലുകൾ നീങ്ങാൻ കഴിയാതെ വരികയും യാത്ര തടസ്സപ്പെടുകയും ചെയ്തതോടെ പലയിടത്തും ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിടുന്നുണ്ട്. മേഖലയിൽ ഇലക്ട്രോണിക് ജാമിംഗും മറ്റും നടക്കുന്നതിനാൽ പല കപ്പലുകളുമായും ബന്ധപ്പെടാൻ പ്രയാസം നേരിടുന്നുണ്ടെന്ന് ഷിപ്പിംഗ് ഏജൻസികൾ പറയുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ, ഒമാൻ, യുഎഇ അധികൃതരുമായി ഇന്ത്യ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യൻ കപ്പലുകൾക്കും ജീവനക്കാർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരിൽ വലിയൊരു വിഭാഗം മലയാളികളാണെന്നത് കേരളത്തിലും ആശങ്കയുണ്ടാക്കുന്നു. ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് വിവിധ പ്രവാസി സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.



