ബംഗ്ലാദേശിൽ ഫെറി ടെർമിനലിന് സമീപം നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞു; 24 മരണം

ധാക്ക : ബംഗ്ലാദേശിലെ ദൗലത്ത്ദിയ ഫെറി ടെർമിനലിന് സമീപം നിയന്ത്രണം വിട്ട ബസ് പത്മ നദിയിലേക്ക് മറിഞ്ഞ് 24 പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഫെറിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
50ഓളം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. ഇതിൽ 24 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങൾ മൂലം രാത്രി നിർത്തിവെച്ച രക്ഷാപ്രവർത്തനം വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ഫയർ സർവീസ്, നേവി, പൊലിസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ കാണാതായവർക്കായി തിരച്ചിൽ നടക്കുകയാണ്.
ആറ് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് നദിയിൽ മുങ്ങിയ ബസ് ‘ഹംസ’ എന്ന രക്ഷാകപ്പലിന്റെ സഹായത്തോടെ കരയ്ക്കടുപ്പിച്ചത്. ക്രെയിൻ ഉപയോഗിച്ച് രാത്രി 11.30ഓടെ ബസ് പൂർണ്ണമായും പുറത്തെടുത്തു.



