ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 പേര് മരിച്ചു

ലഖ്നൗ : ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 പേര് മരിച്ചു. ഡ്രമണ്ട്ഗഞ്ച് മേഖലയില്‍ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് വാഹനാപകടം ഉണ്ടായത്.
ബുധനാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ഉടന്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. ഡ്രമണ്ട്ഗഞ്ച് താഴ്വരയില് നിന്ന് ലസോഡ ഭാഗത്തേക്ക് പോകുന്ന ഇറക്കത്തിലാണ് അപകടം നടന്നത്.
താഴേക്ക് വരികയായിരുന്ന ഒരു ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ രണ്ട് ട്രക്കുകള്‍ക്കിടയില്‍പ്പെട്ട ഒരു കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതിന് പിന്നാലെ മറ്റൊരു വാഹനം കൂടി ഇടിക്കുകയും അതിന് തീപിടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
തകര്‍ന്ന വാഹനങ്ങളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാന്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തീവ്രശ്രമം നടത്തി. ‘ഇതുവരെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്,’- എസ്പി പറഞ്ഞു.
ബിഹാര്‍, മധ്യപ്രദേശ് രജിസ്ട്രേഷനുകളിലുള്ള ട്രക്കുകളും സോന്‍ഭദ്ര, മിര്‍സാപൂര്‍ ജില്ലകളില്‍ നിന്നുള്ള കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴുപേര്‍ മിര്‍സാപൂര്‍ സ്വദേശികളും മൂന്നുപേര്‍ മധ്യപ്രദേശ് സ്വദേശികളും ഒരാള്‍ സോന്‍ഭദ്ര സ്വദേശിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



