അന്തർദേശീയം

മെക്സിക്കൻ നഗരത്തിൽ വീണ്ടും വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി : മധ്യ-കിഴക്കൻ മെക്സിക്കൻ സംസ്ഥാനമായ പ്യൂബ്ലയിലെ തെഹുയിറ്റ്സിംഗോ നഗരത്തിലുണ്ടായ വെടിവെപ്പിൽ ഒരു കുട്ടിയുൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 1:55 ഓടെ ഒരു ജനവാസ കേന്ദ്രത്തിലായിരുന്നു ആക്രമണം.

പ്യൂബ്ലയിലെ പൊതുസുരക്ഷാ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കൊല്ലപ്പെട്ടവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയും ഉൾപ്പെടുന്നു. പ്രാദേശിക സമയം പുലർച്ചെ വലിയ തോതിലുള്ള വെടിവെപ്പ് ശബ്ദം കേട്ടതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തി. വിവരമറിഞ്ഞ് മുൻസിപ്പൽ പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഭൂരിഭാഗം പേരും മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഒരു സ്ത്രീ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലും മരിച്ചു.

കൊല്ലപ്പെട്ടവരിൽ ആറ് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും ബാക്കി നാല് പേർ അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണെന്നും പ്യൂബ്ല പ്രോസിക്യൂട്ടർ ഇഡാമിസ് പാസ്റ്റർ ബെറ്റാൻകോർട്ട് വ്യക്തമാക്കി. കുടുംബപരമായ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ആക്രമണത്തിന്റെ കൃത്യമായ കാരണവും അക്രമികൾ ആരാണെന്നതും ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളെ കണ്ടെത്താനായി സൈന്യത്തിന്റെ സഹായത്തോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പ്യൂബ്ല സുരക്ഷാ സെക്രട്ടറി ഫ്രാൻസിസ്കോ സാഞ്ചസ് അറിയിച്ചു. പ്യൂബ്ല സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ വലിയ സായുധ ആക്രമണമാണിത്.

ജനുവരിയിൽ ഒരു അമേച്വര്‍ സോക്കര്‍ മാച്ചിനിടെ വെടിവെപ്പിൽ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ഹുഹുവെറ്റ്‌ലാൻ എൽ ഗ്രാൻഡെ നഗരത്തിൽ നടന്ന വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം സംസ്ഥാന തലസ്ഥാനത്ത് ഒരു വാഹനത്തിന് നേരെ നടന്ന സായുധ ആക്രമണത്തിൽ മൂന്ന് പേർ മരണപ്പെട്ടു.

മധ്യ മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയകളും കാർട്ടലുകളും തമ്മിലുള്ള ആധിപത്യ പോരാട്ടം അടുത്തകാലത്തായി കടുത്തിരിക്കുകയാണ്. അക്രമ സംഭവങ്ങൾ ഭയന്ന് എണ്ണൂറിനും ആയിരത്തിനും ഇടയിൽ കുടുംബങ്ങളാണ് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്തത്.

അടുത്ത മാസം മെക്സിക്കോ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തുടരുന്ന ആക്രമണങ്ങൾ. രാജ്യത്ത് സുരക്ഷ ഉറപ്പാക്കാൻ ലക്ഷത്തോളം നാഷണൽ ഗാർഡ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷീൻബാം പറഞ്ഞു. 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ മൂന്ന് രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ.

അമേരിക്കയിൽ 78 മത്സരങ്ങൾ മെക്സിക്കോയിൽ 13 മത്സരങ്ങൾ. കാനഡയിൽ 13 മത്സരങ്ങൾ എന്നിങ്ങനെയാണ് ലോക ഫുട്ബോൾ മത്സരങ്ങൾ. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം ജൂൺ 11 ന് മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button