യുക്രെയ്നിൽ ഇതുവരെ റഷ്യയുടെ 203 ആക്രമണങ്ങൾ; ചെര്‍ണോബിലിൽ വൻ ഏറ്റുമുട്ടൽ
കീവ്/മോസ്കോ• യുദ്ധാരംഭം മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രെയ്ന്. യുക്രെയ്നിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 14 പേരുമായി വന്ന യുക്രെയ്ൻ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടം നടക്കുന്നുണ്ട്. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ബങ്കറുകളിലേക്കു മാറുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്നു പലായനം തുടരുകയാണ്.
റഷ്യയുടെ സൈനിക നടപടിക്കു പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പദ്ധതികൾ സജീവമാക്കി. റഷ്യയ്ക്കെതിരായ പുതിയ ഉപരോധങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, റഷ്യയുടെ സുരക്ഷാ പ്രശ്നങ്ങളിൽ ‘ന്യായമായ ആശങ്കകൾ’ മനസ്സിലാക്കുന്നതായി ചൈന റഷ്യൻ വിദേശകാര്യ മന്ത്രിയോട് പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു മണിക്കൂറുകൾക്കകം യുക്രെയ്നിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ വ്യോമത്താവളങ്ങളിൽ ഏർപ്പെടുത്തിയ ആക്രമണ–പ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. യുദ്ധം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രതിരോധത്തിന് യുക്രെയ്ൻ സൈന്യം മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പുടിന്റെ ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ യുക്രെയ്ന് തലസ്ഥാനമായി കീവിൽ റഷ്യ ആക്രമണം തുടങ്ങിയതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവില്‍ തുടർസ്ഫോടനങ്ങള്‍ ഉണ്ടായി. ആറ് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാൻസ്കിൽ വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യവും അവകാശപ്പെട്ടു. ആക്രമണത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്തം യുക്രെയ്നും സഖ്യത്തിനുമെന്നുമാകുമെന്നും പുടിൻ യുദ്ധപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. ‘‘നാറ്റോ വിപുലീകരണത്തിന് യുക്രെയ്നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്നിൽ സൈനിക നടപടി അനിവാര്യമാണ്. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കും.’’ – പുടിൻ മുന്നറിയിപ്പ് നൽകി.
യുക്രെയ്നിലേത് അപകടകരമായ സാഹചര്യമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. നയതന്ത്രതലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡന് സ്ഥിതിഗതികൾ യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി ഫോണിൽ വിലയിരുത്തി. യുക്രെയ്നിലെ യുദ്ധസാഹചര്യം വിലയിരുത്താൻ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്ന് റഷ്യൻ പ്രസിഡന്റ് പുടിനോട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.