ബ്രിട്ടനിൽ പ്രാദേശിക തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് വിജയം.
ലണ്ടൻ • മൂന്നു ലക്ഷത്തോളം വരുന്ന ബ്രിട്ടനിലെ മലയാളികളും പ്രാദേശിക തിരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനമായി. പതിവുപോലെ കരുത്തരായ മലയാളി സ്ഥാനാർഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പിന് ആവേശം പകർന്നു.
ലണ്ടനിലെ ബാർക്കിങ് ആൻഡ് ഡാം കൗൺസിൽ, കേംബ്രിഡ്ജിലെ ഈസ്റ്റ് ചെർടൺ, കേംബ്രിഡ്ജ് റോയിസ്റ്റൺ ടൗൺ കൗൺസിൽ, ഹണ്ടിങ്ടൺഷെയർ ഡിക്ടിസ് കൗൺസിൽ, ക്രോയിഡൺ, ന്യൂകാസിൽ എന്നിവിടങ്ങളിലാണ് മലയാളി സ്ഥാനാർഥികൾ ജനവിധി തേടിയത്.
ബാർക്കിങ് ആൻഡ് ഡാണം കൗൺസിലിലെ വെയിൽബോൺ വാർഡിൽ കൺസർവേറ്റീവ് (ടോറി) സ്ഥാനാർഥിയായിരുന്ന പെരുമ്പാവൂർ സ്വദേശി സുഭാഷ് നായർ 709 വോട്ടുകൾ നേടി ശക്തമായ മൽസരമാണ് കാഴ്ചവച്ചത്. ലേബർ കോട്ടയിൽ വിജയം നേടാനായില്ലെങ്കിലും അതിശക്തമായ വെല്ലുവിളിയാണ് ഇവിടെ സുഭാഷ് ലേബറിന് ഒരുക്കിയത്.
കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർടൺ വാർഡിൽ ലേബർ സ്ഥാനാർഥിയായ ബൈജു വർക്കി തിട്ടാല 30 വോട്ടിന്റെ മാർജിനിൽ ലിബറൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയെ തോൽപിച്ച് രണ്ടാം വട്ടവും കൗൺസിലറായി. മുൻപ് ബൈജു ഒരുതവണ ജയിക്കുകയും മറ്റൊരിക്കൽ പരാജയപ്പെടുകയും ചെയ്ത മണ്ഡലമാണിത്. ഹണ്ടിങ്ടൺ നോർത്തിൽ ടോറി ടിക്കറ്റിൽ ജനവിധി തേടിയ അങ്കമാലി സ്വദേശി ലീഡോ ജോർജ് പരാജയപ്പെട്ടു. ലീഡോ നേരിയ മാർജിനിലാണ് പരാജയപ്പെട്ടത്.
ന്യൂകാസിൽ ബ്ലേക്ക് ലോ ഡിവിഷനിൽ നിന്നും ലേബർ ടിക്കറ്റിൽ മൽസരിച്ച പാലാ സ്വദേശിനി ജൂണാ സത്യൻ വിജയിച്ചു. നോർത്ത്ബിയ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് വിഭാഗം സീനിയർ ലക്ചററാണ് ജൂണ. ഭർത്താവ് ചാലക്കുടി സ്വദേശി സത്യൻ ഉണ്ണി ബ്രിട്ടനിൽ ഫുട്ബോൾ പരിശീലകനായി ജോലി ചെയ്യുന്നു.
കേംബ്രിഡ്ജിലെ റോയ്സ്റ്റൺ ടൗൺ കൗൺസിൽ വാർഡിൽ നിന്നും ലേബർ ടിക്കറ്റിൽ മത്സരിച്ച മേരി ആർ. ആന്റണിയും വിജയിച്ചു. മുംബൈ മലയാളിയായ മേരി ആർ. ആന്റണി കൊച്ചി പെരുമ്പടപ്പ് സ്വദേശിയാണ്. ക്രോയിഡണിലെ മൂന്നു വാർഡുകളിൽ മലയാളി സ്ഥാനാർഥികൾ മൽസരത്തിനുണ്ട്. ഇവിടങ്ങളിലെ ഫലങ്ങൾ രാത്രി വൈകിയും അറിവായിട്ടില്ല. മുൻ ക്രോയിഡൺ മേയർ കൂടിയായ മഞ്ജു ഷാഹുൽ ഹമീദ് ക്രോയിഡൺ ബ്രോഡ്ഗീൻ വാർഡിലും ജോസഫ് ജോസ് ഫെയർഫീൽഡ് വാർഡിലും ലേബർ ടിക്കറ്റിലാണ് മൽസരിച്ചത്.
യുവധാര ന്യൂസ്