വനിതാ ലോകകപ്പ്: അവസാന ഓവറിൽ ഇന്ത്യക്ക് ഹൃദയഭേദകം; വെസ്റ്റ് ഇൻഡീസ് സെമി കളിക്കും
വനിതാ ലോകകപ്പിൽ ഇന്ത്യ പുറത്ത്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടതോടെ വെസ്റ്റ് ഇൻഡീസ് സെമി ഫൈനൽ യോഗ്യത നേടി. ഇന്ത്യ മുന്നോട്ടുവച്ച 275 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ 4 വിക്കറ്റ് ബാക്കിനിർത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 80 റൺസെടുത്ത ലോറ വോൾവാർട്ട് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. മിന്യോൺ ഡുപ്രീ 55 റൺസെടുത്ത് പുറത്താവാതെ നിന്നു.
ലിസേൽ ലീയെ (6) വേഗം നഷ്ടമായെങ്കിലും ഉജ്ജ്വല ഫോമിലുള്ള ലോറ വോൾവാർട്ടും ലാറ ഗൂഏഡലും ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. 125 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ സഖ്യം കൂട്ടിച്ചേർത്തത്. ഒടുവിൽ ഗൂഡൽ (49) മടങ്ങിയതോടെ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ. ഏറെ വൈകാതെ വോൾവാർട്ടും പുറത്തായി. തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടത് ദക്ഷിണാഫ്രിക്കയെ ബാക്ക്‌ഫൂട്ടിലാക്കി. എന്നാൽ ക്യാപ്റ്റൻ സുനെ ലൂസ് (22), മരിസേൻ കാപ്പ് (32) എന്നിവരൊക്കെ ചെറു ഇന്നിംഗ്സുകളിലൂടെ ദക്ഷിണാഫ്രിക്കയെ മത്സരത്തിൽ നിലനിർത്തി.
സുനെ ലൂസ്, മരിസേൻ കാപ്പ് എന്നിവരെ നഷ്ടമായെങ്കിലും ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ ഒറ്റക്ക് നേരിട്ട ഡുപ്രീ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് അടുപ്പിച്ചു. അവസാന ഓവറുകളിൽ ക്ലോയ് ടൈറണും മികച്ച നിലയിൽ ബാറ്റ് വീശി. വെറും 9 പന്തുകൾ നേരിട്ട് 17 റൺസെടുത്ത ടൈറൺ 48ആം ഓവറിൽ പുറത്തായതോടെ മത്സരം വീണ്ടും ആവേശത്തിലായി. എന്നാൽ, പക്വതയോടെ ബാറ്റ് വീശിയ ഡുപ്രീ ദക്ഷിണാഫ്രിക്കയെ ആവേശ ജയത്തിനരികിലേക്ക് നയിക്കുകയായിരുന്നു. അവസാന ഓവറിലെ അഞ്ചാം പന്തിൽ ഡുപ്രീയെ (50) ദീപ്തി ശർമ്മ ഹർമൻപ്രീത് കൗറിൻ്റെ കൈകളിൽ എത്തിച്ചെങ്കിലും അത് നോ ബോൾ ആയി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റൺസെടുത്തു. 71 റൺസെടുത്ത സ്മൃതി മന്ദന ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ മിതാലി രാജ് (68), ഷഫാലി വർമ (53) എന്നിവരും തിളങ്ങി. 3 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിൽ ശക്തമായ നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന ഓവറുകളിൽ കാലിടറുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ഷബ്നിം ഇസ്മയിലും മസബട ക്ലാസും 2 വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ സെമിയിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ അവസാന സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിനെ നേരിടും. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം സെമി.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv