സഞ്ജുവിന്റെ രാജസ്ഥാന്‍ വീണു; ഹൈദരാബാദ് ഫൈനലില്‍, ജയം 36 റണ്‍സിന്
ചെന്നൈ: രാജസ്ഥാൻ റോയൽസിന്റെ കിരീട മോഹങ്ങളെ ക്വാളിഫയറിനപ്പുറത്തേക്ക്’ കൊണ്ടുപോകാൻ സൺ റൈസേഴ്സ് ഹൈദരാബാദ് സമ്മതിച്ചില്ല. 176 റൺസെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ സഞ്ജുവിനെയും സംഘത്തേയും 36 റൺസകലെ എറിഞ്ഞുവീഴ്ത്തി ഹൈദരാബാദ് ഫൈനലിൽ കടന്നു. ആദ്യം ബാറ്റുചെയ്‌ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തിൽ 56* റൺസെടുത്ത ധ്രുവ് ജുറേലും 21 പന്തിൽ 42 റൺസെടുത്ത യശസ്വി ജയ്സ്വാളും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. ഷഹബാദ് അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോം കോഹ്ലർ-കാഡ്സ്മോർ (10), സഞ്ജു സാംസൺ (10), റിയാൻ പരാഗ് (6) രവിചന്ദ്ര അശ്വിൻ(0), ഷിംറോൺ ഹെറ്റ്മെയർ (4), റോവ്മൻ പവൽ (6) എന്നിവരാണ് പുറത്തായത്. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.
നേരത്തെ, 34 പന്തിൽ നാല് സിക്സറുകൾ ഉൾപ്പെടെ 50 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും 15 പന്തിൽ രണ്ടു സിക്സും അഞ്ചുഫോറും ഉൾപ്പെടെ 37 റൺസെടുത്ത രാഹുൽ ത്രിപതിയുമാണ് ഹൈദരാബാദിനെ തരക്കേടില്ലാത്ത സ്കോറിലെത്തിച്ചത്. ട്രെൻറ് ബോൾട്ടും ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തി.
ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ അഞ്ച് പന്തിൽ 12 റൺസെടുത്ത ഓപണർ അഭിഷേക് ശർമ ആറാം പന്തിൽ കോഹർ-കാഡ്സ്മോറിന് ക്യാച്ച് നൽകി മടങ്ങി.
ഓപണർ ട്രാവിസ് ഹെഡിനെ കാഴ്ചക്കാരനാക്കി നിർത്തി രാഹുൽ ത്രിപതി തകർത്തടിച്ചതോടെ സ്കോർ അഞ്ചാമത്തെ ഓവറിൽ 50 കടന്നു. 15 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമുൾപ്പെടെ 37 റൺസെടുത്ത ത്രിപതിയെ ബോൾട്ട് തന്നെ പുറത്താക്കി. സ്ലിപ്പിൽ ചഹൽ പിടിച്ചാണ് പുറത്തായത്. നിലയുറപ്പിക്കും മുൻപെ എയ്ഡൻ മാർക്രമിനെയും(1) ചഹലിന്റെ കൈകളിലെത്തിച്ച് ബോൾട്ട് ഞെട്ടിച്ചു.