ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിൽ
അഹമ്മദാബാദ് : 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍.
15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിൽ ഇടം നേടി.
സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. കെ എൽ രാഹുൽ പുറത്തായി.
സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പുറമേ യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്.
ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായും ഉണ്ട്.
ഐപിഎല്ലില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. 9 മത്സരങ്ങളില്‍ നിന്നും 385 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 77 ശരാശരിയും 161.08 എന്ന തട്ടുപൊളിപ്പൻ സ്ട്രൈക്ക് റേറ്റും ഇപ്പോൾ സഞ്ജുവിനുണ്ട്. നാല് 50+ സ്‌കോറുകളാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട് ഋഷഭ് പന്ത്. 10 മത്സരങ്ങളില്‍ 371 റണ്‍സാണ് പന്ത് നേടിയത്. 160.61 സ്‌ട്രൈക്ക് റേറ്റിലാണ് പന്തിന്റെ നേട്ടം. 46.38 ശരാശരിയും പന്തിനുണ്ട്.
ഐപിഎല്ലിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ എട്ടും ജയിച്ച് ടൂർണമെന്റിൽ തലപ്പത്താണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. എല്ലാ മത്സരങ്ങളിലും ടീം ഗെയിം പുറത്തെടുത്താണ് പിങ്ക് ആർമി ജയം പിടിച്ചെടുത്തത്. വിക്കറ്റ് വേട്ടയിലും റൺവേട്ടയിലും രാജസ്ഥാൻ താരങ്ങൾ തിളങ്ങി നിന്നു.