കൊച്ചി > പ്രശസ്ത ചലച്ചിത്ര നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് (61) അന്തരിച്ചു. ശ്വാസതടസ്സം മൂലം ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളിക സിനിമയിലെ മണവാളൻ വേഷം മാത്രം മതി ഹനീഫിനെ ഓർക്കാൻ. കൊച്ചിക്കാർ ഹനീഫ് ഭായ് എന്ന് വിളിക്കുന്ന കലാഭവൻ ഹനീഫ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സൗഹൃദവലയത്തിനകത്തു നിൽക്കുന്ന ഒരാളാണ്.
1990 ൽ പുറത്തിറങ്ങിയ ചെപ്പ് കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെ ആണ് സിനിമയില്‍ എത്തുന്നത്. ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാനവേഷങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലാണ് ഹനീഫ് അവസാനമായി അഭിനയിച്ചത്. സന്ദേശം, ഗോഡ്ഫാദർ,കാസർകോട് കാദർഭായ്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ഛോട്ടാമുംബൈ, ചട്ടമ്പിനാട്, ഉസ്താദ് ഹോട്ടൽ, ദൃശ്യം, അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, 2018 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളടക്കം 60 ലധികം ചിത്രങ്ങളുടെ ഭാഗമായി.
മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ്. വിദ്യാഭ്യാസത്തിന് ശേഷം സെയിൽസ്മാനായി ജോലി ചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി. ഭാര്യ: വാഹിദ, മക്കൾ: ഷാരൂഖ്, സിത്താര, മരുമക്കൾ: ഇസ്മായിൽ, ഷിഫ.