ചരമംദേശീയം

എം എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നൈ :  പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്.

1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതക ശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. മഗ്സാസെ അവാർഡ്, വേൾഡ് ഫുഡ് പ്രൈസ്, ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 1987 ലെ റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്നു.

പ്രൊഫ. എം എസ് സ്വാമിനാഥൻ ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ്. തിരുവനന്തപുരം യുണിവേഴ്സ്റ്റി കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. കോയമ്പത്തൂർ കാർഷിക കോളേജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി.

ഡോ. മങ്കൊമ്പ് കെ. സാംബശിവൻറെയും തങ്കത്തിൻറെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7ന്‌ ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. മീന സ്വാമിനാഥൻ ആണ് ഭാര്യ. നിത്യ, സൗമ്യ, മധുര എന്നിവർ മക്കളാണ്. സംസ്ഥാന ആസുത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ മരുമകനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button