അന്തർദേശീയം

അയർലൻഡിൽ കൊല്ലപ്പെട്ട ദീപ ദിനമണി: മെഴുകുതിരി നാളവുമായി അനുശോചനം അർപ്പിച്ച് ഇന്ത്യൻ സമൂഹം.

ഡബ്ലിൻ∙ അയർലൻഡിലെ കോർക്കിൽ കൊല്ലപ്പെട്ട പാലക്കാട്‌ സ്വദേശിനി ദീപ ദിനമണിക്ക് അനുശോചനം അർപ്പിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ സമൂഹം ഒത്തുകൂടി. പുഷ്പങ്ങളും മെഴുകുതിരി നാളവുമായി നൂറു കണക്കിന് ആളുകളാണ് കാർഡിനാൾ കോർട്ടിലെ ഗ്രീൻ ഏരിയായിൽ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ഒത്തു കൂടിയത്.

ദീപയുടെ ഫോട്ടോയ്ക്ക് മുന്നിൽ കോർക്ക് പ്രവാസി മലയാളി, വേൾഡ് മലയാളി കൗൺസിൽ കോർക്ക്, കോർക്ക് ഇന്ത്യൻ നഴ്സസ്, ഫേസ് അയർലൻഡ് എന്നിവയുടെ നേതൃത്വത്തിൽ എത്തിയവരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. യൗവന ജീവിതത്തിലുണ്ടായ ദീപ ദിനമണിയുടെ ദാരുണമായ വേർപാടിൽ ഇന്ത്യൻ സമൂഹം അതീവ ദുഃഖം രേഖപ്പെടുത്തി. തങ്ങളുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും ​​ദീപയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ അനുഭവിക്കുന്ന വേദനയും ദുഃഖവും പൂർണ്ണമായും ലഘൂകരിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്നതായി വിവിധ സംഘടനകളുടെ പ്രതിനിധികൾ സംയുക്തമായി പറഞ്ഞു

തങ്ങളാൽ കഴിയുന്ന വിധത്തിൽ പിന്തുണയും സഹായവും നൽകുവാൻ കോർക്കിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചു. ദീപയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സംഘടനകളുടെ പ്രതിനിധികൾ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പാലക്കാട് സ്വദേശിനിയായ ദീപ ദിനമണി (38) കൊല്ലപ്പെട്ടത്. കോർക്ക് സിറ്റിയിൽ നിന്നും അഞ്ച് കിലോ മീറ്റർ മാത്രം അകലെയുള്ള കാർഡിനാൾ കോർട്ടിലെ വീടിനുള്ളിലാണ് ദീപയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ടോഗർ ഗാർഡ അറസ്റ്റ് ചെയ്ത ദീപയുടെ ഭർത്താവ് റെജിൻ രാജൻ (41) റിമാൻഡിൽ തുടരുകയാണ്. ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകൻ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. മകന്റെ സംരക്ഷണം സോഷ്യൽ വെൽഫെയർ സംഘം ഏറ്റെടുത്തു.

കോർക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന ആൾട്ടർ ഡോമസ് ഫണ്ട് സർവീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. പന്ത്രണ്ട് വർഷത്തോളം പ്രവർത്തി പരിചയമുള്ള പ്രഗത്ഭയായ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്ന ദീപ ദിനമണി അയർലൻഡിൽ എത്തും മുൻപ് ബംഗലൂരു, നോയിഡ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button