റഷ്യ ഉക്രയ്ന്‍ യുദ്ധം ; അണക്കെട്ട് തകര്‍ത്തു, കൂട്ട ഒഴിപ്പിക്കല്‍ തുടരുന്നു
കീവ് – 16 മാസം പിന്നിട്ട റഷ്യ-, ഉക്രയ്ന്‍ യുദ്ധത്തില്‍ വിനാശകരമായ വഴിത്തിരിവ്. റഷ്യന്‍ നിയന്ത്രണത്തിലുള്ള തെക്കന്‍ ഉക്രയ്‌ൻ മേഖലയിലെ അതിബൃഹത്തായ അണക്കെട്ട് തകര്‍ത്തു. ഖെർസണിലെ കഖോവ്‌ക ഡാമിന്റെ പ്രധാനഗേറ്റ് തകര്‍ന്ന് ചൊവ്വ പുലർച്ചെ 2.50നാണ് വെള്ളം കുത്തിയൊലിച്ചത്. സമുദ്രനിരപ്പിന് സമാനമായ അണക്കെട്ടിലെ ജലം അനിയന്ത്രിതമായി പരന്നൊഴുകുന്ന ഭയാനക ദൃശ്യത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ലോകത്തെ നടുക്കി. ജലം റഷ്യൻ, ഉക്രയ്‌ൻ മേഖലകളിലേക്ക് ഒരുപോലെ ഒഴുകുന്നു. സമീപമേഖല വെള്ളത്തിനടിയിലായി. റഷ്യൻ അധീനമേഖലയിലെ 22,000 പേരെയും ഉക്രയ്‌ൻ മേഖലയിലെ 16,000 പേരെയും ഇതുവരെ ഒഴിപ്പിച്ചു. ഉക്രയ്‌ന്റെ ഷെല്ലാക്രമണത്തിലാണ് ഡാം തകർന്നതെന്ന് റഷ്യയും റഷ്യയുടെ കുഴിബോംബാക്രമണമാണ് ദുരന്തകാരണമെന്ന് ഉക്രയ്‌നും ആരോപിച്ചു.
ഉക്രയ്‌നിലെ 80 ജനവാസമേഖല വെള്ളത്തിനടിയിലാകുമെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി. ചൊവ്വ വൈകിട്ടോടെ ഖെർസണിലെ 24 ജനവാസകേന്ദ്രം വെള്ളത്തിലായി. ഡാം സ്ഥിതി ചെയ്യുന്ന നോവ കഖോവ്ക ജില്ലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ 11 മീറ്റർ (36 അടി) ഉയരത്തിൽ വെള്ളം കയറി. ജനവാസമേഖലയും ബിസിനസ് സ്ഥാപനങ്ങളുമടക്കം വെള്ളത്തിൽ മുങ്ങി. നിപ്പർ നദിയുടെ വലതുവശത്തുള്ള പത്ത് ഗ്രാമത്തിലും ഖെർസൺ നഗരത്തിലും ഉള്ളവരെ ഒഴിപ്പിച്ചു. നിപ്പർ നദിയിലെ കഖോവ്‌ക ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമാണ് തകർത്തത്. ജലവൈദ്യുത നിലയം പൂർണമായും മുങ്ങി. ജലവൈദ്യുതനിലയം പുനഃസ്ഥാപിക്കാനാകില്ലെന്നും നിലയത്തിനുള്ളിൽ സ്‌ഫോടനമുണ്ടായെന്നും ഉക്രയ്‌ന്റെ ജലവൈദ്യുത കമ്പനി വ്യക്തമാക്കി.
യുവധാര ന്യൂസ്