ദേശീയം

2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം

ന്യൂഡൽഹി – : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌‌ക്ക്‌ കനത്ത ആഘാതമേൽപ്പിച്ച മോദി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടിയുടെ തുടർച്ചയായി പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചു. ഇനി മുതൽ 2000 രൂപ നോട്ടുകൾ വിതരണം ചെയ്യരുതെന്ന്‌ ബാങ്കുകൾക്ക്‌ നിർദേശം നൽകി. നിലവിൽ 2000 രൂപ നോട്ടുകൾ കൈവശമുള്ളവർക്ക്‌ ഇവ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ബാങ്കുകളെ സമീപിച്ച്‌ മാറ്റിയെടുക്കുകയോ ചെയ്യാൻ സെപ്‌തംബർ മുപ്പത്‌ വരെ സമയം നൽകും. സ്വന്തം അക്കൗണ്ടിൽ നോട്ടുകൾ നിക്ഷേപിക്കുന്നതിന്‌ നിയന്ത്രണമില്ല. എന്നാൽ മാറ്റിയെടുക്കുന്നതിന്‌ ഒരു സമയം പരമാവധി ഇരുപതിനായിരം രൂപയെന്ന നിയന്ത്രണമുണ്ട്‌.

കള്ളപണം ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ 2016 നവംബറിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിയാലോചനകൾ കൂടാതെ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്‌. ഇതേ തുടർന്ന്‌ പെട്ടെന്നുണ്ടായ കറൻസി ക്ഷാമം മറികടക്കുന്നതിനാണ്‌ 2000 രൂപ നോട്ടുകൾ അച്ചടിച്ചത്‌. ഉയർന്ന മൂല്യമുള്ള കറൻസിയുടെ വരവ്‌ യഥാർത്ഥത്തിൽ കള്ളപണക്കാർക്ക്‌ കൂടുതൽ അനുഗ്രഹമായി. മാത്രമല്ല കള്ളനോട്ടും പെരുകി. തീരുമാനം വിഡ്ഡിത്തമായെന്ന്‌ വൈകാതെ സർക്കാരിനും ആർബിഐയ്‌ക്കുമെല്ലാം ബോധ്യപ്പെട്ടു. ഇതോടെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ഘട്ടംഘട്ടമായി കുറച്ചു. 2019 മുതൽ പുതിയ 2000 രൂപ കറൻസി ആർബിഐ അച്ചടിക്കുന്നില്ല. 2016 നവംബർ മുതൽ 2018–-19 വരെയുള്ള കാലയളവിലായി 2000 രൂപയുടെ 371 കോടി നോട്ടുകളാണ്‌ ആർബിഐ അച്ചടിച്ചത്‌. ഇതിൽ 355 കോടിയും 2016–-17 വർത്തിലാണ്‌ അച്ചടിച്ചത്‌. തുടർന്നുള്ള വർഷങ്ങളിൽ അച്ചടി 11 കോടിയിലേക്കും 4.67 കോടിയിലേക്കും ചുരുങ്ങി.

നിലവിൽ ലഭ്യമായിട്ടുള്ള 2000 രൂപ നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന്‌ മുമ്പായി അച്ചടിച്ചതാണെന്നും നോട്ടുകളുടെ കാലപരിധിയായ 4–-5 വർഷം പൂർത്തിയായെന്നും ആർബിഐ അറിയിച്ചു. ‘ക്ലീൻ നോട്ട്‌’ നയത്തിന്റെ ഭാഗമായി കൂടിയാണ്‌ പിൻവലിക്കൽ. 2018 മാർച്ചിൽ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. നിലവിലിത്‌ 3.62 ലക്ഷം കോടി മാത്രമാണ്‌. ആകെ വിതരണത്തിലുണ്ടായിരുന്ന നോട്ടിന്റെ 10.8 ശതമാനം മാത്രമാണിത്‌. നിലവിൽ 2000 രൂപ നോട്ടുകൾ ഇടപാടുകൾക്കായി സാധാരണ ഉപയോഗിക്കുന്നുമില്ല–- പിൻവലിക്കൽ ന്യായീകരിച്ച്‌ ആർബിഐ അറിയിച്ചു.

 

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button