യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇറ്റലിയില്‍ തീവ്രവലതുപക്ഷം അധികാരത്തിലേക്ക്; ജോര്‍ജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയാകും


റോം:ഇറ്റലിയില്‍ മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേക്ക്. വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയാകും.

400 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ 26 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടിക്ക് ലഭിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് തീവ്രവലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലേക്ക് എത്തുന്നത്.

22 മുതല്‍ 26 ശതമാനം വരെ വോട്ടുകള്‍ നേടി മെലോണി വിജയിക്കുമെന്നായിരുന്നു പ്രവചനം. ഇതൊരു തുടക്കമാണെന്നും ഫിനിഷിങ് ലൈനല്ല എന്നുമായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങളോട് മെലോണി നടത്തിയ പ്രതികരണം.

2012 ലാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി രൂപീകരിച്ചത്. 2018 ലെ തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു മെലോണിയുടെ പാര്‍ട്ടി നേടിയത്. എന്നാല്‍ പിന്നീട് പ്രതിപക്ഷ നിരയിലെ ശക്തമായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാക്കാന്‍ ജോര്‍ജിയ മെലോണിക്കും അനുനായികള്‍ക്കും സാധിച്ചു.

കുടിയേറ്റക്കാര്‍ക്കും മുസ്‍ലിംകള്‍ക്കുമെതിരെ മുഖം തിരിച്ച നേതാവ്

മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് മെലോണി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയത്. ഫെമിനിസം, വനിതാ സംവരണം എന്നിവ നിരാകരിക്കുകയും എല്‍ജിബിടി സമൂഹത്തെ പരിഹസിക്കുകയും ചെയ്യുന്ന നേതാവാണ് ജോര്‍ജിയ മെലോണി. കുടിയേറ്റക്കാര്‍ക്കും മുസ്‍ലിംകള്‍ക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയിട്ടുമുണ്ട്.

മെലോണിയയുടെ കരിയറും രീതികളും ഇതര രാജ്യങ്ങളിലെ വലതുപക്ഷ നേതാക്കളുടെ രീതികളോട് സാമ്യമുള്ളതാണ്. അസംതൃപ്ത ജനതക്ക് ശക്തമായ വാഗ്ദാനം നല്‍കി അവസരം കാത്തിരിക്കുന്ന നേതാവ്, തൊഴിലാളി സമൂഹത്തില്‍ ജനനം, സത്യസന്ധ്യമായ പ്രതിച്ഛായ, ഇടിമുഴക്കം പോലെയുള്ള പ്രഭാഷണ ശൈലി, പരമ്ബരാഗത കുടുംബ പശ്ചാത്തലം തുടങ്ങിയവ ജോര്‍ജിയ മെലോണിയുടെ പ്രത്യേകതകളാണ്.

45കാരിയായ മെലോണി ഗാര്‍ബെറ്റല്ലയിലാണ് വളര്‍ന്നത്. റോമിലെ തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ഒരിടമാണിത്. പിതാവ് കുടുംബത്തെ ഒഴിവാക്കി പോയതിന് ശേഷം കൗമാരത്തില്‍ ഇവര്‍ ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്മെന്‍റില്‍ (എം.എസ്.ഐ) ചേരുകയായിരുന്നു. മുസ്സോളിനിയെ പിന്തുണക്കുന്നവര്‍ ചേര്‍ന്ന് 1946ല്‍ രൂപവത്കരിച്ചതാണ് ഈ സംഘടന. 2021 ല്‍ ‘ഐ ആം ജോര്‍ജിയ’ എന്ന പേരില്‍ മെലോണി ആത്മകഥ എഴുതിയിരുന്നു. ഈ പുസ്തകത്തില്‍ എംഎസ്‌ഐയെ പുതിയ കുടുംബം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.തുടര്‍ന്ന് വലതു പക്ഷ സംഘടനകളില്‍ പ്രവര്‍ത്തിച്ചാണ് ഇവര്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്നത്.

2006ല്‍ ഇറ്റാലിയണ്‍ പാര്‍ലമെന്‍റിന്റെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലേക്ക് മെലോണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2008ല്‍ ഇറ്റലിയുടെ ഏറ്റവും യുവമന്ത്രിയായി അവര്‍ മാറി. സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഗവണ്‍മെന്‍റിലായിരുന്നു ഈ പദവി. 2012ലാണ് ‘ഫ്രാറ്റെല്ലി ദി ഇറ്റാലിയ’ പാര്‍ട്ടി മെലോണി രൂപവത്കരിച്ചത്. ഇറ്റാലിയന്‍ ദേശീയ ഗാനത്തില്‍ നിന്ന് കടമെടുത്തതായിരുന്നു പാര്‍ട്ടിയുടെ പേര്. ഇറ്റാലിയന്‍ കൊടിയിലുള്ള ത്രിവര്‍ണ്ണത്തില്‍ നിന്നുള്ള ഒരു ജ്വാലയായാണ് ചിഹ്നം തിരഞ്ഞെടുത്തത്. എം.എസ്.ഐ വഴി കിട്ടിയ ഈ ചിഹ്നം മുസ്സോളിനിയുടെ ശവകുടീരത്തിന് മുകളിലെ ജ്വാലയുടെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button