ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്; ചൈനയെ മറികടന്നു

ന്യൂഡൽഹി > ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായെന്നും ചൈനയുടേത് 142.57 കോടിയാണെന്നുമാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ കണക്കുകള്‍ പ്രകാരം ചൈനയേക്കാൾ 29 ലക്ഷം ജനങ്ങൾ കൂടുതലാണ് ഇന്ത്യയിൽ. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സംഘടന ജനസംഖ്യാ കണക്കുകൾ എടുക്കാൻ തുടങ്ങിയ 1950ന് ശേഷം ആദ്യമായാണ് ഇന്ത്യ ചൈനയെ മറികടക്കുന്നത്.
ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. സ്ത്രീകള്‍ക്ക് 82 വയസും പുരുഷന്മാര്ക്ക് 76 വയസുമാണ് ചൈനയിലെ ആയുര്‍ദൈര്‍ഘ്യം. 74 വയസ്, 71 വയസ് എന്നിങ്ങനെയാണ് യഥാക്രമം ഇന്ത്യയിലേത്. ജൂണിൽ ആഗോള ജനസംഖ്യ 8.045 ബില്യണിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
യുവധാര ന്യൂസ്