ദേശീയം

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്‌ട്ര‌പതി

ന്യൂഡല്‍ഹി> ആദിവാസി നേതാവും ഒഡിഷ മുന്‍ മന്ത്രിയുമായ ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15- ാമത്‌ രാഷ്ട്രപതി. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രാജ്യത്തെ ആദ്യ ആദിവാസി വനിത കൂടിയാണ് ദ്രൗപദി മുര്‍മു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുര്‍മു നേടി. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടില്‍ എണ്ണിയത്. ഇതോടെ, ആകെയുള്ള 3219 വോട്ടുകളില്‍ മുര്‍മുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിന്‍ഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു.

രണ്ടാം റൗണ്ടിലും മുര്‍മുവിന് വന്‍ ലീഡ് ലഭിച്ചു. ഇംഗ്ലിഷ് അക്ഷരമാലക്രമത്തില്‍ ആദ്യ പത്തു സംസ്ഥാനങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ മുര്‍മുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിന്‍ഹയ്ക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി. മോദി അറിയിച്ചു.

1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് മുര്‍മുവിന്റെ ജനനം. സന്താള്‍ വശജയാണ്. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്‌കൂള്‍ അധ്യാപകനായാണ് മുര്‍മു തുടങ്ങിയത്. റായിരംഗ് പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായും ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു.

1997 ല്‍ ബിജെപിയില്‍ ചേര്‍ന്ന മുര്‍മു റൈരംഗ് പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. മുര്‍മു 2000-ല്‍ റായ്രംഗ്‌പൂര്‍ നഗര്‍ പഞ്ചായത്തിന്റെ ചെയര്‍പേഴ്‌സ‌ണായി. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും അവര്‍ സേവനമനുഷ്‌ഠിച്ചു.

2000 മുതല്‍ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 മാര്‍ച്ച് ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്സ‌സ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു.2007-ല്‍ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവര്‍ക്ക് മികച്ച എംഎല്‍എക്കുള്ള നീലകണ്ഠ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button