യുക്രെയ്‌ന് ആയുധങ്ങൾ എത്താതിരിക്കാൻ റഷ്യ പാലങ്ങൾ തകർക്കുന്നു; യുദ്ധം രൂക്ഷം
കീവ് – കിഴക്കൻ മേഖലയായ
സിവീയറോഡോണെസ്റ്റ്സ്ക് നഗരത്തിൽ റഷ്യ കയ്യേറിയതിന്റെ 20% യുക്രെയ്ൻ തിരിച്ചുപിടിച്ചു. പ്രധാന യുദ്ധമുഖമായി മാറിയ ഈ നഗരത്തിൽ യുക്രെയ്ൻ സേനയ്ക്ക് കൂടുതൽ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി സെവെർസ്കി ഡോണെറ്റ്സ് നദിയിലെ പാലങ്ങൾ ഒന്നൊന്നായി റഷ്യ തകർക്കുകയാണ്. റഷ്യൻ സേനയ്ക്കു കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നതെന്നു ലുഹാൻസ് ഗവർണർ സെർഹെയ് ഗയ്ദായ് പറഞ്ഞു
നദിക്കരയിലെ സ്വിയത്തോഗാർതി ക്രിസ്തീയ ആശ്രമത്തിന്റെ ഭാഗമായുള്ള തടിയിൽ തീർത്ത പുരാതന ഓർത്തഡോക്സ് പള്ളി തീപിടിത്തത്തിൽ നശിച്ചു. ആശ്രമ സമുച്ചയത്തിൽ മുന്നൂറോളം പേർക്ക് അഭയം നൽകിയിട്ടുണ്ടായിരുന്നെന്ന് സാംസ്കാരിക മന്ത്രി ഒലെക്സാണ്ടർ തകാചെൻകോ പറഞ്ഞു. സിവീയറോഡോണെസ്റ്റ്സ്ക് റഷ്യ പിടിച്ചെടുത്താൽ പിന്നെ ലിസി ചാൻസ്ക് നഗരം കൂടിയേ ലുഹാൻസ്കിൽ യുക്രെയ്ൻ നിയന്ത്രണത്തിൽ ശേഷിക്കുന്നുള്ളൂ.
യുക്രെയ്ൻ സേനയിൽ ചേർന്നു പോരാടിയ 4 വിദേശികൾ കൊല്ലപ്പെട്ടു. ജർമനി,
നെതർലൻഡ്സ്, ഓസ്ട്രേലിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണു കൊല്ലപ്പെട്ടത്. യുദ്ധത്തിന് നയതന്ത്ര പരിഹാരം സാധ്യമാകുമോ എന്നതിലും ആശങ്ക കനക്കുന്നു. റഷ്യൻ സേന അതിർത്തിയോളം പിന്മാറാതെ ചർച്ചയ്ക്കില്ലെന്ന നിലപാട് യുക്രെയ്ൻ ആവർത്തിച്ചു.
യുവധാര ന്യൂസ്