അന്തർദേശീയം

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ പുതിയ യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡൻറായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തിരഞ്ഞെടുത്തു. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്ന സുപ്രീം കൗൺസിലാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (73) പിൻഗാമിയായാണ് 61 കാരനായ ഷെയ്ഖ് മുഹമ്മദ് രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാകുന്നത്. 2004 നവംബർ മുതൽ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ഫെഡറൽ സുപ്രീം കൗൺസിൽ ഇന്ന് വിളിച്ചുചേർക്കുകയായിരുന്നു. 2005 ജനുവരി മുതൽ യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനായും ഷെയ്ഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്ത്രപരമായ ആസൂത്രണം, പരിശീലനം, സംഘാടകത്വ മികവ്, പ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കൽ എന്നിവയാൽ യുഎഇ സായുധ സേനയെ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ, യുഎഇ സായുധ സേന ഒരു പ്രമുഖ പ്രസ്ഥാനമായി ഉയർന്നു.

ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുക്കലിന് സമാനമായ രീതിയിൽ, 2004 നവംബർ 2 നാണ് യുഎഇയുടെ പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വേർപാടിന് ശേഷം ഒരു ദിവസം കഴിഞ്ഞ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെതുടർന്ന് യുഎഇ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button